Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഡോക്ടറെ വിദ്യാർത്ഥി സംഘം കയ്യേറ്റം ചെയ്തെന്ന് പരാതി, ഡോക്ടർക്കെതിരെയും കേസ്

ഡോക്ടറെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സക്കിടെ അപമാനിച്ചെന്ന രോഗിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർക്കെതിരേയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

private hospital doctor attacked by a team of people in kozhikode
Author
First Published Sep 30, 2022, 6:49 PM IST

കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സക്കിടെ അപമാനിച്ചെന്ന രോഗിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർക്കെതിരേയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഇന്നുച്ചയോടെ ഒരു സംഘം കയ്യേറ്റം ചെയ്തതായാണ് ആദ്യം പൊലീസിൽ പരാതി ലഭിച്ചത്. ഡോക്ടർ മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയിലെത്തി മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി.

ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മര്‍ദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇവരില്‍ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി വന്നിരുന്നു. ഇവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മൊഹാദാണ് പരിശോധിച്ചത്. രോഗനിർണയത്തിനായി നഴ്സുമാരുടെയടക്കം സാന്നിധ്യത്തിൽ പരിശോധന നടത്തി. പിന്നാലെ രോഗികളായ പെൺകുട്ടികൾ മടങ്ങി. 

അതിന് ശേഷം ഇന്ന് രാവിലെ വിദ്യാർത്ഥികളുടെ സംഘമെത്തി ഡോക്ടർ മോശമായി പെരുമാറിയെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍എന്‍ടി വിഭാഗത്തിൽ ചികിത്സ തേടിയിട്ടുണ്ട്. പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ചികിത്സക്കിടെ അപമാനിച്ചെന്ന രോഗിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർക്കെതിരേയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിന്റെയും വിദ്യാർത്ഥികൾ ഡോക്ടറെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിലുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.   

.   

Follow Us:
Download App:
  • android
  • ios