ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, ബാക്കി തുക ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Mar 25, 2026, 08:46 PM IST
national human right commission

Synopsis

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആനയുടെ ആക്രമണത്തിൽ പാപ്പാൻ വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ, കുടുംബത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.  

തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാൻ വിഷ്ണു (27) വിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ കഴിയുകയുള്ളൂ.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്.

2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി പ്രവർത്തിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന് 50000 രൂപ അടിയന്തര ധനസഹായം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ആനക്കുള്ള ഇൻഷ്വറൻസിൽ നിന്നും 3 ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയിൽ നിന്നും 5 ലക്ഷവും അനുവദിക്കും. ഇതിനാവശ്യമായ രേഖകൾ ലഭ്യമാക്കി തുടർനടപടി സ്വീകരിക്കും.

വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ അവകാശികൾക്ക് നൽകുന്ന 10 ലക്ഷം രൂപ നിർദ്ധന കുടുംബാംഗമായ വിഷ്ണുവിന്റെ അവകാശികൾക്കും അനുവദിക്കുന്നതാണ്. ഇതിൽ 5 ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന് നൽകാൻ നടപടിയെടുത്തിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും കുടുംബം ലഭ്യമാക്കിയാൽ ബാക്കി 5 ലക്ഷം രൂപ എത്രയും വേഗം വിഷ്ണുവിന്റെ കുടുംബത്തിന് നൽകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് രാവിലെ ആനകളെ നെയ്യാർ റിസർവോയറിൽ കുളിപ്പിച്ചുകൊണ്ടിരിക്കെയാണ് ഉദ്ദേശം 9 വയസ് പ്രായമുള്ള മനു എന്ന മോഴയാന ഒന്നാം പാപ്പാനായ വി. വിഷ്ണുവിനെ പെട്ടെന്ന് പ്രകോപിതനായി തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് വെള്ളത്തിലേക്ക് തട്ടിയിട്ടത്. പിടിയാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് വെള്ളത്തിലിറങ്ങി ശല്യപ്പെടുത്തിയപ്പോൾ മനുവിനെ പാപ്പാൻ കരയ്ക്കു കയറ്റി ആണാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് കൊണ്ടു പോയതാവാം മനുവിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

നിലവിലുള്ള പ്രശ്നങ്ങളുടെ വെളിച്ചത്തിൽ ഒരു സേഫ്റ്റി ഓഡിറ്റ് നടത്തി പാകപ്പിഴ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടറും തഹസിൽദാറും ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരേഷ് കോഴിക്കോട്ടെ പുഴയോരം' ഹോട്ടലിൽ എത്തിയത് ജോലി തേടി, അടുത്ത ദിവസം പുലർച്ചെ വാതിൽ തകർത്ത് മോഷണം; പിടിയിൽ
പിതാവിന്‍റെ പരാതി കുരുക്കാകുമോ...? മൊണാലിസ ഭോസ്‌ലേയുടെ വിവാഹ രേഖകൾ തേടി മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷൻ തിരുവനന്തപുരത്ത്