
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ അഞ്ച് പൊലീസുകാരുമുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം, കോഴിക്കോട് മുക്കത്ത് കാർ നിയത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് രാവിലെ 9:15 ഓടെ അപകടമുണ്ടായത്. റ്റാറ്റാ നെക്സൺ കാർ നിയത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതിനിടെ, തൃശൂർ കേച്ചേരിയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ചൂണ്ടൽ പാലത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ഫയർഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നും തൃശൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.