
ചേർത്തല: വെള്ളിയാകുളത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയത്ത് നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശവാസികളാണ് വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഗവൺമെൻറ് ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ചേർത്തല തണ്ണീർമുക്കം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കൂടിയായിരുന്നു അപകടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam