
മൂന്നാര്‍: തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഒറ്റയാന്‍ തകര്‍ത്തു. തേനിയില്‍ നിന്നും പുറപ്പെട്ട ബസ് തോണ്ടി മലയില്‍ എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക് തേനിയില്‍ നിന്നും പുറപ്പെട്ട ബസ് രണ്ടേകാലിന് തോണ്ടിമലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കാട്ടില്‍ നിന്നും റോഡിലേക്ക് കയറിയ ആന ബസ് കടത്തിവിടാതെ കുറുകെ നിന്നു. സാധാരണ ആനകള്‍ വഴിയില്‍ ഉണ്ടാകാറുണ്ടെങ്കിലും ബസുകളെ ആക്രമിക്കാറില്ല. എന്നാല്‍ ബസിന് മുന്നില്‍ എത്തിയ ആന പെട്ടെന്ന് പ്രകോപിതനായതോടെ ബസ് ജീവനക്കാരും അമ്പതോളം യാത്രക്കാരും ഭയന്നു.
ബസിന്റെ മുന്നിലെ ഗ്രില്ലില്‍ ആന കൊമ്പ് കൊണ്ട് തട്ടിയതോടെ യാത്രക്കാര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ആന കൂടുതല്‍ അക്രമകാരിയായി. തലയുയര്‍ത്തി ഇടത് വശത്തെ ചില്ല് കൊമ്പ് കൊണ്ട് കുത്തിതകര്‍ത്തു. അരമണിക്കൂറോളം അവിടെ തന്നെ നിലയുറപ്പിച്ച ആന സ്വയം പിന്തിരിഞ്ഞതോടെയാണ് യാത്ര തുടര്‍ന്നത്.
ഡ്രൈവര്‍ സതീഷ് കുമാറിന്റേയും കണ്ടക്ടര്‍ ദേവേന്ദ്രന്‍ ഗോപാലന്റേയും മനസ്സാന്നിധ്യമാണ് തുണയായതെന്ന് യാത്രക്കാര്‍ പറഞ്ഞു. തന്റെ 23 വര്‍ഷത്തെ മൂന്നാറിലെ സര്‍വീസിനിടയില്‍ ആദ്യമായാണ് ആന ബസിനെ ആക്രമിക്കുന്നതെന്ന് മൂന്നാര്‍ ഡിപ്പോ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. എണ്ണായിരം രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു
പ്രതീകാത്മക ചിത്രം
വായ്പ കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നായി, ഷാജിതക്ക് സഹായമായി മന്ത്രിയുടെ ഇടപെടൽ
ആലപ്പുഴ: വായ്പ കിട്ടാതായാൽ ഷാജിതയുടെ (shajitha) വിവാഹം (Wedding) മുടങ്ങുമെന്നായപ്പോൾ തുണച്ചത് മന്ത്രി കെ രാധാകൃഷ്ണന്റെ (K radhakrishnan) അതിവേഗ ഇടപെടൽ.കായംകുളം പത്തിയൂർ കിഴക്ക് കോയിക്കലേത്ത് തെക്കതിൽ ബാബു-ജയമോൾ ദമ്പതികളുടെ മകൾ ഷാജിതയുടെ വിവാഹമാണ് ബാബുവിന്റെ അസുഖം കാരണം വായ്പ ലഭിക്കാതെ മുടങ്ങുന്ന സ്ഥിതിയിലെത്തിയത്.
ചെട്ടികുളങ്ങര കൈതതെക്ക് പല്ലാരിമംഗലത്ത് ശ്യാംരാജുമായി ഷാജിതയുടെ വിവാഹം കഴിഞ്ഞ ജനുവരി 23 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി ബാബു പട്ടികജാതി വികസന കോർപറേഷനിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ച് അറിയിപ്പ് വന്ന ജനുവരി 20 ന് ബാബുവിന് ഉദരസംബന്ധമായ അസുഖം കൂടി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപേക്ഷകന്റെ ഒപ്പില്ലാതെ വായ്പ നൽകാനാവില്ലെന്ന് പട്ടികജാതി കോർപറേഷനിൽ നിന്ന് അറിയിച്ചു. ഇതോടെ വീട്ടുകാർ വാർഡ് മെമ്പർ കൂടിയായ പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുചെല്ലപ്പനെ സമീപിച്ചു. മനുവിന്റെ നേതൃത്വത്തിൽ പട്ടികജാതി വികസന മന്ത്രി കെ. രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.
പട്ടികജാതി വികസന കോർപറേഷൻ ചെയർമാനെ മന്ത്രി തന്നെ വിളിച്ച് വീട്ടുകാർക്ക് വായ്പത്തുക അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചു. ജനുവരി 21ന് ഓഫീസ് അവധിയായിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഫയൽ എടുത്ത് കോട്ടയത്ത് ആശുപത്രിയിൽ എത്തി ബാബുവിന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അന്ന് തന്നെ വീട്ടുകാർക്ക് പണം കൈമാറുകയായിരുന്നു. 23ന് ചെറിയ പത്തിയൂർ ക്ഷേത്രത്തിൽ ഷാജിതയും ശ്യാംരാജും വിവാഹിതരായി. 25 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വ്യാഴാഴ്ച ബാബു വീട്ടിലെത്തി. ഏക മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായില്ലെങ്കിലും നിശ്ചയിച്ച വിവാഹം മനോഹരമായി നടന്നതിന്റെ സന്തോഷത്തിലാണ് ബാബു.