
മങ്കൊമ്പ്(ആലപ്പുഴ): റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിൽ വീണ് തകരാറിലായി. പുനർനിർമാണ ജോലികൾ നടക്കുന്ന തുരുത്തി-കിടങ്ങറ-വീയപുരം റോഡിൽ വാലടി ഒന്നാം കലുങ്കിനു സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽനിന്ന് രാവിലെ പത്തിന് കാവാലത്തേക്ക് സർവീസ് ആരംഭിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അവധി ദിവസമായിരുന്നതിനാൽ യാത്രക്കാർ കുറവായിരുന്നു.
നിർമാണ ജോലികൾ നടക്കുന്ന റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലാണ് ബസ് വീണത്. എതിർദിശയിൽനിന്നുവന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിലേക്ക് ചരിഞ്ഞ ബസിന്റെ ജോയിന്റ് ഭാഗം തകരാറിലാകുകയായിരുന്നു. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗമെത്തി തകരാർ പരിഹരിച്ചെങ്കിലും വാഹനം കുഴിയിൽനിന്ന് കയറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ ഏറെ പണിപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നോടെ കുഴിയുടെ ഭാഗത്ത് കല്ലും മണ്ണും നിരത്തിയാണ് ബസ് കരയ്ക്കുകയറ്റിയത്.
വീതി കുറഞ്ഞ റോഡിൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇത്തരം അപകടങ്ങൾ പതിവാണ്. രണ്ടുമാസം മുൻപും സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് ഇതേ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. വർഷങ്ങളായി ആരംഭിച്ച നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നിർമാണം നടക്കുന്ന ചെളി നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹന യാത്രികരും ഏറെ അപകടകരമായാണ് യാത്ര ചെയ്യുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam