
കൽപ്പറ്റ: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായതോടെ അടിമുടി അങ്കലാപ്പ്. മണിക്കൂറുകൾക്കകം ആ നിർണായക വിവരമെത്തി. ബസ് കണ്ടെത്തിയിരിക്കുന്നു. അതും കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി ബസാണ് വയനാട് പാടിച്ചിറയിൽ വെച്ച് വൈകിട്ടോടെ കാണാതായത്. ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്. വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പിന്നാലെ വിവരമെത്തി. പാടിച്ചിറയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് ബത്തേരി ഡിപ്പോയിൽ കണ്ടെത്തിയിരിക്കുന്നു. ബത്തേരി ഡിപ്പോയിലെ ഒരു ഡ്രൈവർ ബസ് മാറി എടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോർഡ് വെക്കാതെ പോയതാണ് സംഭവം പെട്ടെന്ന് ബസ് തിരിച്ചറിയാതിരിക്കാൻ കാരണമായത്. ബസ് കാണാതായെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബത്തേരിയിലുണ്ടെന്ന് കണ്ടെത്തിയത്. വൈകിട്ട് മൂന്നരയോടെ കെഎസ്ആർടിസി ബസ് മുള്ളൻകൊല്ലി വഴി പോയതായി കണ്ടെന്ന് നാട്ടുകാറും പോലീസിനെ അറിയിച്ചിരുന്നു. അതും തിരച്ചിലിന് നിർണായകമായി. യഥാർത്ഥത്തിൽ പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ്സാണ് വഴിമാറി സഞ്ചരിച്ചത്. ബസ് തിരികെ പാടിച്ചിറയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam