
ഇടുക്കി: കെഎസ്ആര്‍ടിസിയിലെ കൂട്ടപിരിച്ചുവിടല്‍ മൂന്നാര്‍ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി. ഡിപ്പോയിലെ നാല്‍പ്പത്തഞ്ചോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ പതിനാറ് സര്‍വ്വീസുകളാണ് മൂന്നാറില്‍ മാത്രം മുടങ്ങിയത്. കെഎസ്ആര്‍ടിസിയിലെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഹൈറേഞ്ചിന്‍റെ പ്രകൃതി മനോഹാരിതയും ഡിസംബറിലെ തണുപ്പും ആസ്വദിക്കുന്നതിനായി ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്.
ഇവരില്‍ പലരും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചാണ് മൂന്നാറിലടക്കമുള്ള മേഖലകളിലേയ്ക്ക് എത്തുന്നത്. എന്നാല്‍ മൂന്നാര്‍ ഡിപ്പോയില്‍ നിന്നും നാല്‍പ്പത്തിയഞ്ചോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ ദീര്‍ഘദൂര സര്‍വ്വീസുകളടക്കം പതിനാറ് ബസ്സുകള്‍ക്ക് സര്‍വ്വീസ് നിര്‍ത്തേണ്ടിവന്നു. മാത്രവുമല്ല സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്താത്ത ഉള്‍ഗ്രാമങ്ങളിലേക്ക് പോയിരുന്ന ചില സര്‍വ്വീസുകളും നിര്‍ത്തലാക്കി. ഇതോടെ ഗ്രാമീണ മേഖലയിലും യാത്രാ പ്രതിസന്ധി രൂക്ഷമായി.
ദീര്‍ഘദൂര സര്‍വ്വീസ് നിലച്ചതോടെ വിനോദ സഞ്ചാരികളടക്കം മൂന്നാര്‍ ഡിപ്പോയിലെത്തി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. എറണാകുളം, ത്യശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് മൂന്നാറിലേക്ക് വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ മാസത്തോടെ ആരംഭിക്കുന്ന തണുപ്പ് ആസ്വാദിക്കുവാന്‍ മൂന്നാറിലേക്ക് വിദേശികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഈ സമയത്ത് ബസുകളുടെ അഭാവം സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുകയാണ്.
ജില്ലയില്‍ എറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതും ലാഭകരമായി മുമ്പോട്ട് പോകുന്നതുമായ ഡിപ്പോയാണ് മൂന്നാര്‍ ഡിപ്പോ. പ്രതിദിനം ഒരുലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്ന ഡിപ്പോയില്‍ പ്രധാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ വരുമാന നഷ്ടത്തിനും ഇടയാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam