'അങ്ങനങ്ങ് പോയാലോ'; എൻഎച്ചിൽ 3 കി.മി വൺവേ തെറ്റിച്ച് സൂപ്പർ ഫാസ്റ്റ്, കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്‌ടർക്കുമെതിരെ നടപടി; സർവീസിൽ നിന്നും നീക്കി

Published : Jun 09, 2026, 07:55 PM IST
ksrtc

Synopsis

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്ന് സിഎംഡി അറിയിച്ചു. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് തുടർന്നത് ദൃശ്യങ്ങൾ സഹിതം പ്രചരിച്ചിരുന്നു.

തിരുവനന്തപുരം: ദേശീയപാതയില്‍ സൂപ്പർ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി. ബസിലെ ഡ്രൈവർ- കണ്ടെക്‌ടർ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവർക്കെതിരെയുള്ള തുടരന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും സിഎംഡി പ്രമോജ് ശങ്കർ പറയുന്നു. ജൂൺ 3-ന് നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസ് നെയ്യാറ്റിൻകരയിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് തുടർന്നത് ദൃശ്യങ്ങൾ സഹിതം പ്രചരിച്ചിരുന്നു.

വാർത്തകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയിൽ നിന്നും നീക്കിയത്. "യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആർടിസി പരമപ്രാധാന്യം നൽകുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല. ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ ആവർത്തിച്ചാൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആർടിസി സിഎംഡി പറഞ്ഞു.

തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ പണമില്ലെന്ന് കണ്ട് തിരികെയോടിക്കുകയായിരുന്നു. വൺവേയിലൂടെ ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയെന്നായിരുന്നു പരാതി. ബസ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതാഗത കുരുക്കുണ്ടാവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലിസിനും കൈമാറിയതായിരുന്നു. പിന്നാലെയാണ് നടപടി. അതേസമയം, തങ്ങൾ പൈസ നൽകാൻ തയാറായിട്ട് ടോൾ ബൂത്തിലെ ജീവനക്കാർ സമ്മതിക്കാത്തിനാൽ തിരിച്ച് ഓടിച്ചതെന്നാണ് ബസ് ജീവനക്കാരുടെ വാദം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോട് സ്വകാര്യ വ്യക്തികൾ കയ്യേറി, വെള്ളക്കെട്ടിൽ ദുരിതം, വീട്ടമ്മയ്ക്ക് ചിതയൊരുക്കിയത് മുറ്റത്തെ വെള്ളം വറ്റിച്ച്
നീല സ്കൂട്ടർ, കറങ്ങി നടന്ന് പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്‌ഞാതൻ, പൊറുതിമുട്ടി നാട്ടുകാർ