
തിരുവനന്തപുരം: ബോണക്കാട് നിന്നും വിതുരയിലേക്ക് വന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യുവാക്കളുടെ ആക്രമണം. ബസ് ഡ്രൈവറായ നന്ദകുമാറിനെയാണ് ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം വിളിക്കുകയും ചോദ്യം ചെയ്തതോടെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. മദ്യം വാങ്ങിവരുന്ന വഴി ഇടറോഡിൽ നിന്നും പെട്ടെന്ന് ബൈക്കിൽ കയറിവന്ന യുവാക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവർ നന്ദകുമാർ സഡൻ ബ്രേക്ക് ഇടുകയായിരുന്നെന്നാണ് വിവരം.
എന്നാൽ കടന്നുപോകാൻ സ്ഥലമില്ലെന്നാരോപിച്ച് യുവാക്കൾ ഡ്രൈവർക്ക് നേരെ തിരിയുകയായിരുന്നു. പ്രകോപിതരായ യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് തർക്കിക്കുകയും, കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണം നടത്തിയ വർക്കല സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ വർക്കല, അയിരൂർ സ്റ്റേഷനുകളിലും കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam