നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ഇടിച്ച് കാറുകള്‍ തകര്‍ന്നു; കാറുടമയ്ക്കെതിരെ പൊലീസ് കേസ്

By Web TeamFirst Published Oct 16, 2021, 4:07 PM IST
Highlights

എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും റോഡ് സൈഡിലുണ്ടായിരുന്ന ഒരു തട്ടുകടയും ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ പോസ്റ്റിലിടിച്ചാണ് കെഎസ്ആര്‍ടിസി നിന്നത്

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി(KSRTC) ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ് (Kerala Police). കൊല്ലം നിലമേലില്‍ നാലാം തിയതിയുണ്ടായ അപകടത്തിലാണ് ചടയമംഗലം(Chadayamangalam) പൊലീസ് വിചിത്രമായ രീതിയില്‍ കേസ് എടുത്തിരിക്കുന്നത്. ബസ് ഇടിച്ച കാറുടമയുടെ പേരിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട മറ്റൊരു വാഹന ഉടമയുടെ കയ്യില്‍ നിന്ന് പൊലീസ് വ്യാജ പരാതി ഉണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഷൈന്‍ മാത്യുവിന്‍റെ കാറിലാണ് കെഎസ്ആര്‍ടിസി ആദ്യം ഇടിച്ചത്. കെഎല്‍ 15 എ 983 എന്ന കെഎസ്ആര്‍ടിസിയാണ് അപകടമുണ്ടാക്കിയത്.

എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും റോഡ് സൈഡിലുണ്ടായിരുന്ന ഒരു തട്ടുകടയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് ബസ് നിന്നത്. റോഡരികിലെ വൈദ്യുത പോസ്റ്റ് ഇടിച്ചുതകര്‍ത്താണ് ബസ് നിന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുടമയായ പ്രഭു നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

എന്നാല്‍ സ്വന്തം വാഹനം വിട്ടുകിട്ടുന്നതിനായി പൊലീസ് തന്ന പേപ്പറില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് ചെയ്തതെന്നാണ് പ്രഭു മാധ്യമങ്ങളോട്  പ്രതികരിച്ചത്. പ്രഭുവിന്‍റെ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്. 

click me!