
മലപ്പുറം: പിതാവ് ഉപയോഗിച്ച റേഡിയോ നന്നാക്കാൻ കൊടുത്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. റേഡിയോ അഴിച്ച ടെക്‌നീഷ്യൻ ആ കാഴ്ച കണ്ടപ്പോൾ ഒന്ന് അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളിൽ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോൾ 15000 രൂപ.
ചങ്ങരംകുളം ടൗണിൽ ബസ് സ്റ്റാൻഡ് റോഡിലെ മാർക്കോണി എന്ന ഇലക്ട്രോണിക്ക് കടയിൽ നന്നാക്കാൻ എത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂർ സ്വദേശിയായ ഷറഫുദ്ധീൻ എന്ന ടെക്‌നീഷ്യൻ റേഡിയോ നന്നാക്കാൻ എത്തിച്ച കല്ലുർമ്മ സ്വദേശികളെ മൊബൈലിൽ വിളിച്ച് കാര്യം പറഞ്ഞു.
പക്ഷേ, അങ്ങിനെയൊരു നോട്ട് കെട്ട് ഉള്ളകാര്യം ഉടമക്കോ വീട്ടുകാർക്കും അറിയുമായിരുന്നില്ല. ഒരു വർഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചിരുന്നതാണ് റേഡിയോ. ഇത് ഉപയോഗശൂന്യമായി വീട്ടിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട മക്കൾ നന്നാക്കാൻ കഴിയുമോ എന്നറിയാനാണ് കടയിൽ എത്തിച്ചത്.
അതിൽ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെൻഷൻ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്‌സിനുള്ളിൽ സൂക്ഷിച്ചതായിരിക്കുമെന്നും വീട്ടുകാർ. കാര്യം എന്തായാലും ടെക്‌നീഷ്യന്റെ നല്ല മനസ് കൊണ്ട് റേഡിയോക്കുള്ളിൽ പിതാവ് ഒളിപ്പിച്ചുവെച്ച സമ്പാദ്യം യഥാർഥ അവകാശികൾക്ക് തന്നെ കിട്ടി. നോട്ടുകൾക്ക് ഒരു വർഷത്തെ പഴക്കമേ ഉള്ളൂ എന്നതുകൊണ്ട് നോട്ടുനിരോധനത്തിൽ കുടുങ്ങിയില്ല എന്ന ആശ്വാസവുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam