
മലപ്പുറം: ഫ്രറ്റേണിറ്റി തന്റെ കോലം കത്തിക്കൽ പ്രതിഷേധം നടത്തിയതിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ കെ ടി ജലീൽ എം എൽ എ. പ്രവാചകൻ മുഹമ്മദ് നബിയോ ഖലീഫമാരോ ഇസ്ലാമിക പണ്ഡിതരോ 'കോലംകത്തിക്കൽ' സമരം നടത്തിയ ചരിത്രമുണ്ടോയെന്ന് ജലീൽ ചോദിച്ചി. അങ്ങനെയുണ്ടെങ്കിൽ വെള്ളിയാഴ്ച ഖുതുബയിൽ ആറും നാലും പത്ത് അണികൾക്ക് പണ്ഡിത ശിരോമണികൾ അത് ഒന്ന് വിശദീകരിച്ച് കൊടുത്താൽ നന്നാകുമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക സംഘടനയാണെന്നാണ് വെപ്പെന്നും അതുകൊണ്ടു തന്നെ അവരുടെ സമരമുറകൾ ഇസ്ലാമികമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുകയെന്നും ജലീൽ കൂട്ടിച്ചേർത്തു.
മലപ്പുറത്തെ പത്താം ക്ലാസ് കുട്ടികളെ പ്ലസ് പ്രവേശനത്തിൽ പിഴവ് വരുത്തിയെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് കാട്ടിയാണ് ഫ്രറ്റേണിറ്റി, ജലീലിന്റെ കോലംകത്തിക്കൽ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ഇടത് സർക്കാരിനെതിരായ കള്ളക്കളി തെളിവുകൾ നിരത്തി പൊളിച്ചടുക്കിയത് സഹിക്കാനകാത്തത് കൊണ്ടാണ് ഫ്രറ്റേണിറ്റി, കോലംകത്തിക്കൽ പ്രതിഷേധം നടത്തിയതെന്നാണ് ജലീൽ പറയുന്നത്.
ജലീലിന്റെ കുറിപ്പ് പൂർണരൂപത്തിൽ
നുണ പൊളിഞ്ഞപ്പോൾ കോലം കത്തിക്കൽ.
തന്നെ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സോടെ വിജയിപ്പിച്ച വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലോ സ്വന്തം വീടിന് തൊട്ടടുത്തുള്ള തിരുവാലി ഗവ: ഹയർ സെക്കൻഡറി സ്കൂളിലോ അപേക്ഷിക്കാതെ ഓപ്ഷനിൽ ജാഗ്രത കാണിക്കാതെ പിഴവു വരുത്തിയ "കുട്ടി"യെ മീഡിയകളുടെ മുന്നിൽ കൊണ്ടുവന്ന് മുഴുവൻ വിഷയങ്ങളിലും A+ കിട്ടിയ തനിക്ക് സീറ്റില്ലെന്ന് പറഞ്ഞ് ഇടതുപക്ഷ സർക്കാരിനെതിരെ വാർത്ത സൃഷ്ടിച്ച "മൗദൂദിക്കുട്ടിക്കളുടെ" കള്ളക്കളി തെളിവുകൾ നിരത്തി പൊളിച്ചടുക്കിയത് അവർക്ക് സഹിക്കാനായില്ല. അതിലുണ്ടായ ജാള്യത മറക്കാൻ എന്റെ കോലം കത്തിച്ച് സായൂജ്യമടഞ്ഞത് കൊണ്ടൊന്നും ചെയ്ത പാപത്തിന്റെ ''കരിങ്കറ" കഴുകിക്കളയാനാവില്ല.
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക സംഘടനയാണെന്നാണ് വെപ്പ്. അതുകൊണ്ടു തന്നെ അവരുടെ സമരമുറകൾ ഇസ്ലാമികമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുക. പ്രവാചകൻ മുഹമ്മദ് നബിയോ ഖലീഫമാരോ ഇസ്ലാമിക പണ്ഡിതരോ "കോലംകത്തിക്കൽ" സമരം നടത്തിയ ചരിത്രം ഇന്നത്തെ വെള്ളിയാഴ്ച ഖുതുബയിൽ (പ്രസംഗം) ആറും നാലും പത്ത് അണികൾക്ക് പണ്ഡിത ശിരോമണികൾ ഒന്ന് വിശദീകരിച്ച് കൊടുത്താൽ നന്നാകും.