
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചലിൽ കൈതച്ചക്കയുമായി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ, ഡ്രൈവർക്ക് തുണയായി നാട്ടുകാരും യാത്രക്കാരും. അപകടത്തിന് പിന്നാലെ മറിഞ്ഞ ലോറി ഉയർത്താനും റോഡിലാകെ ചിതറിക്കിടന്ന കൈതച്ചക്കകൾ പെറുക്കിയെടുത്ത് വാഹനത്തിലേക്ക് തിരികെ കയറ്റാനും നാട്ടുകാർ മുന്നിട്ടിറങ്ങിയത് ദേശീയമാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ നിന്നും കൈതച്ചക്ക കയറ്റിവന്ന ചരക്കുലോറിയാണ് പള്ളിച്ചലിൽ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് റോഡിലേക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും അതുവഴി കടന്നുപോയ യാത്രക്കാരും ഓടിയെത്തി. ഡ്രൈവർക്ക് പരിക്കുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, റോഡിൽ ചിതറിക്കിടന്ന പഴങ്ങൾ നശിച്ചുപോകാതെയും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയും എല്ലാവരും ചേർന്ന് പെറുക്കിമാറ്റുകയായിരുന്നു. വാഹനങ്ങളിൽ യാത്ര ചെയ്തവരും പാതയോരത്തുണ്ടായിരുന്നവരും സമീപത്തെ കടയിലെത്തിയവരുമെല്ലാം ഓടിയെത്തിയതോടെ നിമിഷ നേരം കൊണ്ട് വാഹനത്തിൽ തിരികെ ലോഡ് നിറയ്ക്കാനായി.
അപകടത്തിൽപ്പെടുന്ന ചരക്കുവാഹനങ്ങളിൽ നിന്നും സാധനങ്ങൾ കൊള്ളയടിക്കുന്ന വാർത്തകൾ പല സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, അന്യസംസ്ഥാനത്തുനിന്ന് വന്ന വാഹനമായിട്ടുപോലും ഡ്രൈവർക്കും ഉടമയ്ക്കും സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ നാട്ടുകാർ കാണിച്ച ഈ നന്മയാണ് സാമൂഹികമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അപകടസ്ഥലത്തെ സഹായഹസ്തങ്ങളുടെ ദൃശ്യങ്ങൾ "ഇതാണ് യഥാർഥ കേരള സ്റ്റോറി"എന്ന അടിക്കുറിപ്പോടെ ദേശീയമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam