റോട്ടിലുപേക്ഷിച്ച ആ 'പാഴ്സൽ' തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു, ചമ്മി യുവാവ്

Published : Feb 13, 2025, 03:59 AM IST
റോട്ടിലുപേക്ഷിച്ച ആ 'പാഴ്സൽ' തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു, ചമ്മി യുവാവ്

Synopsis

കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ.

തൃശൂര്‍: കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐ.ടി.ഐ. ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.

ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, പി.പി. വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്.

ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. വീട്ടിലെത്തിയപ്പോള്‍ അല്‍സേഷ്യന്‍ നായയാണ് ഉദ്യോഗസ്ഥരെ വരവേറ്റത്. പിന്നീട് പ്രായമുള്ള സ്ത്രീ ഇറങ്ങിവന്ന് നായയെ കൂട്ടിലാക്കി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചെറുമകനെ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.

ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ നല്‍കിയപ്പോഴാണ് യുവാവിന് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടില്‍ ഏല്‍പ്പിച്ചു. നോട്ടീസ് നല്‍കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാനാണ് യുവാവ് ശ്രമിച്ചത്. പിന്നീട് 5000 രൂപ പിഴ ഈടാക്കിയപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇങ്ങനെയും പണി കിട്ടുമെന്ന് യുവാവിന് മനസിലായത്.

നായയെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില്‍ നിക്ഷേപിച്ചത്. സംഭവത്തില്‍ കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് നഗരസഭ ആരോഗ്യ വിഭാഗം ബംഗ്ലൂര്‍ ഐ.ടിക്കാരനായ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല.

എല്ലാവരും സൂക്ഷിക്കേണ്ടത്! ആലപ്പുഴ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് സിലിണ്ടർ, തീ പടർന്ന് വീടും കത്തിനശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം