
തൃശൂർ: കുന്നംകുളം നഗരസഭാ പാർലമെന്‍ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കനത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി ജില്ലാ കോൺഗ്രസ് കമ്മിറ്റി. പലതവണ മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയിട്ടും പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് ഒരു വിഭാഗം കൗൺസിലർമാർ സ്വീകരിക്കുന്നത്. ഇത് സംഘടനയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിലർ ഷാജി ആലിക്കലിനെതിരെ നടപടിയെടുക്കാൻ കെ.പി.സി.സി നേതൃത്വം ഡി.സി.സിക്ക് നിർദ്ദേശം നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഷാജി ആലിക്കലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. ഇദ്ദേഹത്തെ മാറ്റിനിർത്തി മറ്റ് കൗൺസിലർമാരെ ഒപ്പം നിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുൻപും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഷൻ നേരിട്ടിട്ടുള്ള വ്യക്തിയാണ് ഷാജി ആലിക്കൽ. നഗരസഭയിൽ സി.പി.ഐ.എമ്മിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യങ്ങളിൽപ്പോലും, കോൺഗ്രസിനുള്ളിൽ വിള്ളലുണ്ടാക്കി ഭരണപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്ന് ഡി.സി.സി വിലയിരുത്തുന്നു.
പ്രശ്നപരിഹാരത്തിനായി പ്രാദേശിക നേതൃത്വം ജില്ലാ നേതൃത്വത്തിനു മുന്നിൽ ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലെ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ മിനി മോൺസിയെ പാർലമെന്‍ററി പാർട്ടിയിൽ ലീഡറായി ചുമതലപ്പെടുത്തുകയും ലെബീബ് ഹസ്സനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാക്കി പ്രശ്നം പരിഹരിക്കുക എന്നുള്ളതാണ് നിർദ്ദേശം. ഈ ഫോർമുല അംഗീകരിച്ച് തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ ആവശ്യം. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ഉറപ്പാണെന്ന് ഡി.സി.സി വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുന്നംകുളം കോൺഗ്രസിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam