മസ്ജിദിന്‍റെ ഉച്ചഭാഷിണിയിലൂടെ 'ചരമ' അറിയിപ്പെത്തി, മോഹനന്‍റെ വിയോഗം നാടറിഞ്ഞു; മാതൃകയായി കുപ്പേഴം പള്ളി- വീഡിയോ വൈറൽ

Published : Sep 30, 2025, 12:43 PM IST
Alappuzha mohanan death

Synopsis

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന മോഹനൽ പുലർച്ചെ നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിനെത്തിയവരടക്കം ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണഞ്ചേരി: ലോക ഹൃദയദിനത്തിൽ മാനുഷിക മൂല്യങ്ങളുടെയും മതസൗഹാർദത്തിന്റെയും മഹത്വം വിളിച്ച് പറഞ്ഞ് കുപ്പേഴം പള്ളി. ഹൃദയബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഈ ദിനത്തിൽ, പ്രദേശവാസിയായ മൂന്നാം വാർഡ് കൊല്ലന്റെ വെളിയിൽ മോഹനൻ (കുട്ടൻ - 62) എന്നയാളുടെ വിയോഗവാർത്ത പള്ളി ഉച്ചഭാഷിണിയിലൂടെ അറിയിച്ചാണ് കുപ്പേഴം മുഹിയുദ്ദീൻൻ ജുമുഅ മസ്ജിദ് കമ്മിറ്റി മാതൃകയായത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന മോഹനൻ പുലർച്ചെ നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിനെത്തിയവരടക്കം ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിയിലെ നേർച്ചകളിലടക്കം മോഹനൻ അടക്കമുള്ളവരുടെ പാങ്കാളിത്തവും സാമീപ്യവും എന്നും തുടർന്നിരുന്നു. മരണവിവരം അറിഞ്ഞ ഉടൻ മസ്ജിദ് പ്രസിഡന്‍റ് അഷറഫ് ഇടവൂരും ജനറൽ സെക്രട്ടറി ഷാനവാസ് മനയത്തുശ്ശേരിയും ട്രഷറർ അബ്ദുൽ ഖാദർ കുഞ്ഞ് ആശാനും ചേർന്ന് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി ജബ്ബാർ ചക്കനാടിനോട് പള്ളിയിൽ അറിയിപ്പ് നടത്താൻ നിർദ്ദേശിച്ചു. സാധാരണയായി മുസ്‌ലിം സമുദായത്തിൽപ്പെട്ടവരുടെ മരണവിവരം മാത്രം അറിയിക്കാൻ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിലൂടെയാണ് മോഹനന്റെ മരണവാർത്തയും സംസ്കാര സമയവും അറിയിച്ചത്. മണ്ണഞ്ചേരിയുടെ മണ്ണിൽ കാലങ്ങളായി നിലനിൽക്കുന്ന മതമൈത്രിയുടെയും സ്നേഹത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രവൃത്തി.

രാവിലെ ബാങ്കിന്റെ സമയമല്ലാത്തപ്പോൾ ഉച്ചഭാഷിണി ശബ്ദിക്കുന്നത് കേട്ട് മരണവിവരം അറിയാൻ ശ്രദ്ധിച്ച നാട്ടുകാർ കേട്ടത് 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്നതിന് പകരം 'ചരമ അറിയിപ്പ്' എന്ന വേറിട്ട വാക്കുകളാണ്. തുടർന്ന് മോഹനന്റെ മരണവിവരവും സംസ്കാര സമയവും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചപ്പോൾ അത്ഭുതത്തോടും ആദരവോടും കൂടിയാണ് എല്ലാവരും ആ വാർത്ത കേട്ടത്. വിശ്വാസങ്ങൾക്കപ്പുറം മനുഷ്യരെ ചേർത്തുനിർത്തുന്ന മണ്ണഞ്ചേരി എന്ന സുന്ദര ഗ്രാമം മാതൃക വീണ്ടും തീർക്കുകയായിരുന്നു ഇതിലൂടെ. മോഹനന്റെ ഭാര്യ: ചന്ദ്രിക. മക്കൾ: ഗിരീഷ്, ഗീതു മോൾ. മരുമക്കൾ: ആശ്വതി, മനേഷ്.

വീഡിയോ കാണാം 

 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ