സ്ഥലം വാങ്ങാന്‍ പണമില്ല; പ്രളയത്തില്‍ തകര്‍ന്ന കുറിച്ച്യാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍

By Web TeamFirst Published Nov 26, 2018, 4:35 PM IST
Highlights

പ്രളയത്തിന് ശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പൊഴുതന മേല്‍മുറിയിലെ ഹയാത്തുല്‍ ഇസ്ലാം മദ്രസാ കെട്ടിടത്തിലാണ്. നാട്ടുകാര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ താല്‍ക്കാലികമായി ഇവിടേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സ്‌കൂളിനായി സ്ഥലം വേഗത്തില്‍ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു ഇങ്ങനെ ചെയ്തത്. ഉരുള്‍പൊട്ടലില്‍ മണ്ണും മരങ്ങളും പാറക്കല്ലുകളും വന്നു നിറഞ്ഞ് സ്‌കൂള്‍മുറ്റം ഇപ്പോഴും അതേപ്പടി തുടരുകയാണ്.

കല്‍പ്പറ്റ: സ്ഥലം വാങ്ങാന്‍ പണമില്ലാത്തത് മൂലം പ്രളയത്തില്‍ തകര്‍ന്ന കുറിച്ച്യാര്‍മല എല്‍.പി സ്‌കൂളിന്‍റെ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍. സ്‌കൂള്‍ ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്ത് മൂന്ന് ഏക്കര്‍ സ്ഥലം വില്‍പ്പനക്ക് ഉണ്ടെങ്കിലും ഇതിനുള്ള പണം അധികൃതര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. 1.12 കോടി രൂപയാണ് ഈ സ്ഥലം വിട്ടുനല്‍കുന്നതിനായി ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം സ്ഥലം ലഭിക്കുന്ന മുറക്ക് കെട്ടിട നിര്‍മാണത്തിനായി തന്‍റെ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കാമെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇതിനുള്ള നടപടികള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്. കെട്ടിടനിര്‍മാണത്തിന് തന്നെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 49 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം നടക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംപി ഫണ്ടില്‍ നിന്നും രണ്ട് കോടിയും ലഭിക്കും. ഇതിനുള്ള ശുപാര്‍ശ ജില്ലാകലക്ടര്‍ നല്‍കിയിട്ടുമുണ്ട്. മാസ്റ്റര്‍പ്ലാനും തയ്യാറാണ്. എന്നാല്‍ കെട്ടിട നിര്‍മാണം നടത്തണമെങ്കില്‍ ആദ്യം സ്ഥലം കണ്ടെത്തണം. ഇതിനുള്ള പണമില്ലാതെ വലയുകയാണ് പിടിഎ കമ്മിറ്റിയും നാട്ടുകാരും. 

പ്രളയത്തിന് ശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പൊഴുതന മേല്‍മുറിയിലെ ഹയാത്തുല്‍ ഇസ്ലാം മദ്രസാ കെട്ടിടത്തിലാണ്. നാട്ടുകാര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ താല്‍ക്കാലികമായി ഇവിടേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സ്‌കൂളിനായി സ്ഥലം വേഗത്തില്‍ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു ഇങ്ങനെ ചെയ്തത്. ഉരുള്‍പൊട്ടലില്‍ മണ്ണും മരങ്ങളും പാറക്കല്ലുകളും വന്നു നിറഞ്ഞ് സ്‌കൂള്‍മുറ്റം ഇപ്പോഴും അതേപ്പടി തുടരുകയാണ്.

നിരവധി തവണ ഉരുള്‍പൊട്ടിയതിനാല്‍ ഇവിടേക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ചെളി നിറഞ്ഞ് കിടക്കുന്നതിനാല്‍ നിലവിലെ സ്‌കൂള്‍ കെട്ടിടമോ സ്ഥലമോ ഇനി ഉപയോഗിക്കാന്‍ കഴിയില്ല. സ്‌കൂളിലെ അത്യാവശ്യരേഖകള്‍ ഉരുള്‍പൊട്ടല്‍ അവസാനിച്ചതിന് ശേഷം പോലീസിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും സഹായത്തോടെയാണ് അന്ന് തിരികെ എടുത്തത്. എങ്കിലും മാസങ്ങള്‍ പിന്നിടുമ്പോഴും അപകടഭീതി പ്രദേശത്തുള്ളവരെ വിട്ടൊഴിഞ്ഞിട്ടില്ല. 

click me!