ക്ഷേത്രാരാധനാ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ കുട്ടംകുളം സമരനായകന്‍ കെ.വി ഉണ്ണിയ്ക്ക് നാടിന്‍റെ ആദരാഞ്ജലി

By Web TeamFirst Published Oct 24, 2018, 9:38 AM IST
Highlights

ക്ഷേത്രാരാധനാ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരള പുലയ മഹാസഭയുടെയും എസ്എന്‍ഡിപിയുടെയും പങ്കാളിത്തത്തോടെ നടന്ന കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ.വി ഉണ്ണി(96)ക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. 

തൃശൂര്‍: ക്ഷേത്രാരാധനാ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേരള പുലയ മഹാസഭയുടെയും എസ്എന്‍ഡിപിയുടെയും പങ്കാളിത്തത്തോടെ നടന്ന കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ.വി ഉണ്ണി(96)ക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. 

പാലിയം സമരത്തിലും നടവരമ്പ് കര്‍ഷക സമരത്തിലും കെ.വി ഉണ്ണി പങ്കെടുത്തിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച 1951 വരെ കെ.വി ഉണ്ണി ഒളിവിലായിരുന്നു. നിരവധിതവണ പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചു. കെ.വി ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന കുട്ടംകുളം സമരവും പ്രക്ഷോഭങ്ങളും നവോത്ഥാന സമരചരിത്രത്തില്‍ ശ്രദ്ധേയമായതാണ്. 1946 ജൂണ്‍ 23ന് ഐതിഹാസികമായ കുട്ടംകുളം സമരം നടക്കുന്നത്. 1936 ല്‍ ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുട്ടംകുളം റോഡില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഒരു തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. 

ഇരിങ്ങാലക്കുടയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിലക്കിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചു. എസ്എന്‍ഡിപിയും കെപിഎംഎസും ഈ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്തു. പാര്‍ട്ടി നേതാക്കളായ പി.കെ കുമാരന്‍, പി.കെ ചാത്തന്‍ മാസ്റ്റര്‍, കെ.വി.കെ വാരിയര്‍, പി. ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് നേതൃത്വം വഹിച്ചു. ജൂണ്‍ 23 ന് അയ്യങ്കാവ് മൈതാനത്ത് ചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി ഗംഗാധരന്റെ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്‍മാര്‍ എത്തി. കുപ്രസിദ്ധ മര്‍ദ്ദകവീരന്‍ ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരുന്നു. അവരുടെ വലയം ഭേദിച്ചുകൊണ്ട് സമരക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പൊലീസ് ഭീകരമായി മര്‍ദ്ദിച്ചു. കെ.വി ഉണ്ണിയെയും ഗംഗാധരനെയും വിളക്കുകാലില്‍ കെട്ടിയിട്ട് രാത്രിവരെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവരെ ഠാണാവിലെ പൊലീസ് ലോക്കപ്പില്‍ അടച്ചു. 32 പേര്‍ക്കെതിരെ  കേസെടുത്തു. പിന്നീട് പനമ്പിള്ളി ഗോവിന്ദ മേനോന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത്.

സിപി- ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും കെ.വി ഉണ്ണി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലം വൈദ്യം പഠിക്കുകയും ഠാണാവില്‍ അദ്ദേഹത്തിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ കണ്ണുചികിത്സ നടത്തുകയും ചെയ്തു. കെ.വി ഉണ്ണിയെന്ന സ്വാതന്ത്ര്യ സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രേഡ് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നി നിലകളില്‍ ആറ് പതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനമാണ് തിങ്കളാഴ്ച അസ്തമിച്ചത്. ഇരിങ്ങാലക്കുട കല്ലുങ്ങല്‍ വേലാണ്ടി-കാളി ദമ്പതികളുടെ നാലാമത്തെ മകനായ ഉണ്ണിയെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എ യുമായിരുന്ന കെ വി കെ വാരിയരാണ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാക്കി മാറ്റുന്നത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കെ വി ഉണ്ണി ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കടന്നുവരുന്നത്. സമൂഹം അറപ്പോടും വെറുപ്പോടും കൂടി കണ്ടിരുന്ന ആ സമൂഹത്തെ സംഘടിപ്പിച്ച അന്ന് വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിട്ടാണ് അറിയപ്പെട്ടത്.

നടവരമ്പിലെ ഓട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ഇരിങ്ങാലക്കുട പീടിക തൊഴിലാളി യൂണിയന്‍ എന്നിവയും സംഘടിപ്പിച്ചു. അന്തിക്കാട് കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനായ ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂണിയന്‍. സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഉണ്ണിയേട്ടനാണ്. തുടക്കം മുതലെ അതിന്റെ ഭാരവാഹിയായിരുന്നു. അന്തരിക്കുമ്പോള്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു. 1956 മുതല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.
 

click me!