
തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത (42) ആണ് മരിച്ചത്. കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയായ പ്രീത കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിറുത്താതെ പോയ ബൈക്കിനായി അന്വേഷണം തുടരുകയാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam