തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ഇടത്ത്, ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടം; കണ്ണീരണിഞ്ഞ് പത്തുമുറിയിലെ കർഷകർ

Published : Oct 22, 2025, 01:35 PM IST
kumaly rain landslade

Synopsis

കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് ഏലച്ചെടികൾ ഉരുൾ കൊണ്ടുപോയി

കുമളി: തുലാവർഷം കലിതുള്ളിയ കഴിഞ്ഞ രാത്രി, ഇടുക്കിയിലെ കുമിളിക്ക് സമീപത്തെ പത്തുമുറിയിലെ ക‍ർഷകരെ കണ്ണീരിലാഴ്ത്തി. രണ്ട് ദിവസത്തെ കനത്ത മഴമൂലമുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും നിരവധി കർഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് ഒലിച്ചു പോയത്. കുമളിക്ക് സമീപം പത്തു മുറിയിൽ ഒറ്റ രാത്രിയിൽ പതിനഞ്ചോളം സ്ഥലത്താണ് ഉരുൾപൊട്ടി കൃഷി നശിച്ചത്. കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്കനുസരിച്ച് ഒന്നരക്കോടിയിലിധികം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷി നശിച്ചെന്നാണ് പ്രാഥമിക കണക്ക്. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കർഷകർക്കും ഉണ്ടായിരിക്കുന്നത്. തുലവർഷം കലിതുള്ളുമ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവരുടെ മുഖത്തുള്ളത്.

വിശദവിവരങ്ങൾ

വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിലാണ് ഇടുക്കിയിലെ ഹൈറേഞ്ചു മേഖലയിൽ തുലാവർഷം കലിതുള്ളി പെയ്തത്. ഇതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും മലവെള്ളം കുതിച്ചെത്തി. പല സ്ഥലത്തായുണ്ടായ ഉരുൾപൊട്ടലുകൾ ദുരന്തങ്ങളുടെ ആക്കം കൂട്ടി. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് ഏലച്ചെടികൾ ഉരുൾ കൊണ്ടുപോയി. ഇവിടെ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. തൂങ്ങംപറമ്പിൽ റെജി, മുട്ടത്തുകുന്നേൽ ജോയി കൊല്ലംപറമ്പിൽ ഷിനോജ്, കാവിൽ പുരയിടത്തിൽ ആന്‍റണി, വരിക്കമാക്കൽ ജോയി, കാഞ്ഞിരത്തുങ്കൽ സൈമൺ, അറയ്ക്കപ്പറമ്പിൽ ജിൻസ്, കുമ്പളന്താനം തോമസ്, കൊല്ലംപറമ്പിൽ മാത്തുക്കുട്ടി ഇങ്ങനെ നീളുന്നു ഏക്കറുകണക്കിന് കൃഷി നശിച്ചവരുടെ പട്ടിക.

നഷ്ടപരിഹാരം തുച്ഛം

നെടുങ്കണ്ടത്ത് ശൂലപ്പാറ അടക്കമുള്ള മേഖലകളിൽ വെള്ളിയാഴ്ചയുമാണ്ട ഉരുൾപൊട്ടിലിലും ഏക്കറുകണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. 82 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചെന്നാണ് പ്രാഥമിക കണക്ക്. കണക്കെടുപ്പ് പൂർണമാകുമ്പോൾ ഇത് വർധിക്കും. ദിവങ്ങൾക്കു ശേഷമാണ് പലർക്കും കൃഷിയിടത്തിലെത്താൻ പോലും കഴിഞ്ഞത്. ലക്ഷങ്ങളുടെ നഷ്ടം കർഷകർക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് നഷ്ട പരിഹാരമായി തുച്ഛമായ തുക മാത്രമാണ് കിട്ടുക.

അതേസമയം സംസ്ഥാനത്തെ മഴ ഭീഷണി വർധിപ്പിച്ചുകൊണ്ട് അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും മഴ സാഹചര്യം രൂക്ഷമാക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ 3 ജില്ലകളിൽ റെഡ് അലർട്ടും 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടെലിവിഷന് മുകളിൽ കാൽ വച്ച് കഴുകി, പിന്നെ പറയണോ പൂരം, തര്‍ക്കം കയ്യാങ്കളി, കളമശ്ശേരി നഗരസഭയിലെ റിബൽ സ്റ്റോറി
സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ