
കോഴിക്കോട്: വീട്ടുപരിസരത്ത് ഒരാനയെ കെട്ടാൻ അനുവദിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് കോഴിക്കോട് പനങ്ങാട് സ്വദേശി ശിവശങ്കരൻ. പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കെട്ടിയ ആനയെ നാല് മാസമായിട്ടും ഇവിടെ നിന്ന് മാറ്റാന്‍ ഉടമ തയ്യാറായിട്ടില്ല. ആനയുടെ ഉടമയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവശങ്കരന്‍.
26 വയസുളള ബാലനാരായണൻ എന്ന കൊമ്പനാനയാണ് ഇപ്പോള്‍ പനങ്ങാട്ടെ ചര്‍ച്ചാ വിഷയം. ബാലുശേരി സ്വദേശി രാജേഷിന്‍റെ ഉടമസ്ഥതയിലുളള ബാലനാരായണനെ ഇക്കഴിഞ്ഞ മാർച്ച് 15നാണ് പനങ്ങാട്ടെ ശിവശങ്കരന്‍റെ പറമ്പില്‍ കെട്ടിയത്. ആനക്കൊട്ടിലിലേക്ക് കൊണ്ടുപോകുംവഴി മദപ്പാട് കണ്ടതിനെത്തുടര്‍ന്ന് ബാലനാരായണനെ പാപ്പാന്‍ ഇവിടെ കെട്ടുകയായിരുന്നു. പത്തു ദിവസത്തേക്ക് ആനയെ കെട്ടാന്‍ ശിവശങ്കരന്‍ അനുമതിയും നല്‍കി. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും ആനയെകൊണ്ടുപോകാന്‍ ഉടമ എത്തുന്നില്ല.
കാലിലൊരു മുറിവ് കൂടി ഏറ്റതോടെ ആകെ അസ്വസ്ഥനാണ് ബാലനാരായണൻ. നാല് മാസത്തിനിടെ കണ്ണില്‍ക്കണ്ട ചിലരോട് ബാലനാരായണന്‍ ദേഷ്യം തീര്‍ക്കുകയും ചെയ്തു. ആനയെ മാറ്റാന്‍ വനംവകുപ്പിലും പൊലീസിലും പഞ്ചായത്തിലും പരാതിപ്പെട്ട ശേഷം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥലമുടമ ശിവശങ്കരന്‍. എന്നാൽ, ആനപരിപാലന നിയമം അനുസരിച്ച് മദപ്പാട് മാറാതെ ആനയെ മാറ്റാനാകില്ലെന്നാണ് ആനയുടെ ഉടമ രാജേഷ് പറഞ്ഞത്. ആനയ്ക്കാവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും രാജേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam