മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി; രോഗി അത്യാസന്ന നിലയില്‍ കിടന്നത് 10 മണിക്കൂര്‍

By Web TeamFirst Published Oct 25, 2021, 3:31 PM IST
Highlights

രാത്രി 9 മണിയോടെയാണ് ലക്ഷ്മി എന്ന വീട്ടമ്മ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ആവശനിലയിലായത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ വാഹനത്തില്‍ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞു കിടന്നതിനാല്‍ വാഹനം മുന്നോട്ടു പോകാന്‍ കഴിയാതെ രോഗിയുമായി ഇവര്‍ വീട്ടിലേക്ക് മടങ്ങി.

ഇടുക്കി: മണ്ണിടിഞ്ഞു (Landslide) വീണ് ഗതാഗതം നിലച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ (Patient) ആശുപത്രിയിലെത്തിച്ചത് (Hospital) പത്തു മണിക്കൂറിന് ശേഷം. വട്ടവട സ്വാമിയാര്‍ അളകോളനിയില്‍ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ദ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം അവശനിലയില്‍ വീട്ടില്‍ കഴിഞ്ഞത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ തടസം നീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരില്‍ നിന്നും ആദിവാസി കോളനിയായ സ്വാമിയാര്‍ അളകുടി റോഡിലേക്ക് കനത്ത മഴയില്‍ മലയിടിഞ്ഞു വീണ് ഗതാഗതം നിലച്ചത്. രാത്രി 9 മണിയോടെയാണ് ലക്ഷ്മി എന്ന വീട്ടമ്മ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ആവശനിലയിലായത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ വാഹനത്തില്‍ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞു കിടന്നതിനാല്‍ വാഹനം മുന്നോട്ടു പോകാന്‍ കഴിയാതെ രോഗിയുമായി ഇവര്‍ വീട്ടിലേക്ക് മടങ്ങി.

സ്വാമിയാര്‍ അളകുടിയില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വിവരം പുറംലോകത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രി നാട്ടുകാര്‍ ചികിത്സ നല്‍കിയെങ്കിലും വീട്ടമ്മ തീര്‍ത്തും അവശനിലയില്‍ തന്നെ കിടന്നു. ഞായറാഴ്ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങി. 

പത്തു മണിയോടെയാണ് തടസം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഗതാഗത സംവിധാനം തീരെ കുറഞ്ഞ ആദിവാസി കോളനിയില്‍ പ്രകൃതിദുരന്തങ്ങളോ, മറ്റ്അടിയന്തിരാവശ്യങ്ങളോ ഉണ്ടായാല്‍ പുറം ലോകത്ത് അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാന് സ്വാമിയാര്‍ അളകുടിയിലെ ആദിവാസി വിഭാഗങ്ങള്‍.
 

click me!