
കോട്ടയം: കോട്ടയം കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാലിപ്പാലത്തിന് ബലക്ഷയം കണ്ടെത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. അപകടവാസ്ഥയിലുള്ള പാലത്തിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. പല തവണ നാട്ടുകാരും പഞ്ചായത്തും പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി.
രണ്ട് പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളാണ് ദിവസേന കല്ലാലിപ്പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന്‍റെ അവസ്ഥ ഭീതി നിറയ്ക്കുന്നതാണ്. പാലത്തിന്‍റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ പൊളിഞ്ഞ് കമ്പികൾ പുറത്ത് വന്നിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള പാലം, നാൽപ്പത്തിരണ്ട് വർഷം മുമ്പാണ് അവസാനമായി നവീകരിച്ചത്. അഞ്ച് കൊല്ലം മുമ്പ് പുതിയ പാലം പണിയുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചതാണ്. സ്ഥലത്ത് മണ്ണ് പരിശോധനയും നടത്തി. പക്ഷേ ആ പ്രഖ്യാപനം വെള്ളത്തിൽ വരച്ച വര പോലെയായി. എന്ത് കൊണ്ടാണ് പാലം പണിയുമായി മുന്നോട്ട് പോകാത്തത് എന്ന് ചോദിച്ചാൽ പൊതുമരാമത്ത് വകുപ്പിന് മറുപടിയില്ല. നിർമ്മാണ പ്രവർത്തനത്തിന് ഫണ്ടില്ലെന്ന് സ്ഥിരം മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam