കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Published : Dec 08, 2025, 09:22 PM IST
snake sabarimala

Synopsis

മണ്ഡലകാലം തുടങ്ങി 22 ദിവസത്തിനുള്ളിൽ ശബരിമലയിൽ നിന്ന് വനംവകുപ്പിന്‍റെ സ്നേക്ക് റെസ്ക്യൂ ടീം 95 പാമ്പുകളെ പിടികൂടി. പിടികൂടിയവയിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണെങ്കിലും, തീർത്ഥാടകർ ഭയപ്പെടാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

ശബരിമല: മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് 22 ദിവസങ്ങൾ പിന്നിടുമ്പോൾ സന്നിധാനത്തും പരിസരത്തുനിന്നുമായി വനംവകുപ്പിന്‍റെ സ്നേക്ക് റെസ്ക്യൂ ടീം പിടികൂടിയത് 95ഓളം പാമ്പുകളെ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് ക്ഷേത്രമെന്നതിനാൽ വന്യജീവി സാന്നിധ്യം സ്വാഭാവികമാണെന്നും ഭക്തർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിച്ചാൽ മാത്രം മതിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. "ഭക്തർക്കും ജീവനക്കാർക്കും തടസമാകുന്ന രീതിയിൽ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിടുന്ന രീതിയാണ് അവലംബിക്കുന്നത്. നിലവിൽ പിടികൂടിയവയിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണെന്ന് സന്നിധാനത്തെ സ്നേക്ക് റെസ്ക്യൂവർ ബൈജു പറഞ്ഞു.

ചേര, ട്രിങ്കറ്റ്, പച്ചിലപ്പാമ്പ്, വില്ലൂന്നി തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെയാണ് കൂടുതലായി സന്നിധാനത്ത് കണ്ടുവരുന്നത്. ഈ സീസണിൽ പിടികൂടിയവയിൽ ഏകദേശം 15 എണ്ണം മാത്രമാണ് വിഷമുള്ള ഗണത്തിൽപ്പെട്ടവയായി ഉണ്ടായിരുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 365-ഓളം പാമ്പുകളെ ഇത്തരത്തിൽ പിടികൂടിയിരുന്നു. സീസൺ അല്ലാത്ത സമയങ്ങളിലും പാമ്പുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ഏകദേശം ആറുമാസം മുൻപ് സന്നിധാനത്ത് നിന്ന് നാല് രാജവെമ്പാലകളെ പിടികൂടി ഉൾവനത്തിലേക്ക് വിട്ടിരുന്നതായും സ്നേക്ക് ഉദ്യോഗസ്ഥർ ഓർമിക്കുന്നു.

സന്നിധാനത്തും പമ്പയിലുമായി ആറോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പാമ്പുകളെ പിടികൂടാൻ രംഗത്തുള്ളത്. നിരന്തരമായി ലഭിക്കുന്ന കോളുകൾക്കനുസരിച്ച് പാമ്പുകളെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഇവർ സ്വീകരിക്കുന്നുണ്ട്. പാമ്പുകൾക്ക് പുറമെ പരിക്കേറ്റ കാട്ടുപന്നികൾ, കുരങ്ങുകൾ, മലയണ്ണാൻ തുടങ്ങിയ ജീവികൾക്കും വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെയും നിർദേശപ്രകാരം സംരക്ഷണവും ചികിത്സയും നൽകിവരുന്നുണ്ട്. പാമ്പുകടിയേറ്റാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ സന്നിധാനത്തും പമ്പയിലും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

ഭക്തർക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

പാമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കണം. ഉടൻ തന്നെ പൊലീസിലോ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണമെന്നും റെസ്ക്യൂവർമാർ അഭ്യർത്ഥിക്കുന്നു. കൂടാതെ താഴെ പറയുന്ന കാര്യങ്ങൾ തീർത്ഥാടകർ ശ്രദ്ധിക്കണം:

- തീർത്ഥാടകർ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന പാതകളിലൂടെ മാത്രം സഞ്ചരിക്കുക.

- പുല്ല് വളർന്നു നിൽക്കുന്ന ഇടങ്ങളിലോ കല്ലുകൾക്കിടയിലോ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ വിശ്രമിക്കുന്നത് ഒഴിവാക്കുക.

- വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ രാത്രിയാത്ര ചെയ്യുമ്പോൾ ടോർച്ച് ഉപയോഗിക്കുക.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!