
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒരു സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം യു ഡി എഫിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫിനെ അനുകൂലിച്ചയാളാണ് റോയ് ഫിലിപ്പ്. ഇതോടെയാണ് എൽ ഡി എഫ് റോയ് യെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയത്. എല്ലാ അംഗങ്ങളും റോയ് ക്ക് വോട്ട് ചെയ്യണമെന്ന് എൽ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ നാളെ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റോയ് ഫിലിപ്പിന് വോട്ട് ചെയ്യാൻ യു ഡി എഫും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ സ്ഥാനാർഥി കാര്യത്തിൽ പ്രതികരണവുമായി റോയ് ഫിലിപ്പും രംഗത്തെത്തി. താൻ എൽ ഡി എഫിനൊപ്പമാണെന്നാണ് റോയ് ഫിലിപ്പ് പ്രതികരിച്ചത്. ഇതോടെ വിപ്പിന്‍റെ കാര്യത്തിൽ യു ഡി എഫ് എന്ത് ചെയ്യുമെന്നതറിയാനാണ് ഏവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്.
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായതിന് പിന്നാലെ ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയെന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് നേതാക്കളടക്കമുള്ളവർ അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. സി പി എം- 4, സി പി ഐ- 2, കോൺഗ്രസ്- 4 എന്നിങ്ങനെ പത്ത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൻ മേൽ പതിനഞ്ച് ദിവസത്തിനകം അവിശ്വാസ പ്രമേയ ചർച്ച നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജി സജിനിക്ക് എതിരെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാടും വൈസ് പ്രസിഡന്റ് എസ് സുരേഷിന് എതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മശ്രീ ശിവദാസനുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.