16 ൽ 9, ഭൂരിപക്ഷം എൽഡിഎഫിന്, എന്നിട്ടും 5 വർഷം പഞ്ചായത്ത് ഭരിച്ചത് ഒരൊറ്റ അംഗമുള്ള ബിജെപി; കാഞ്ചിയാറിൽ ഇക്കുറി എന്ത് സംഭവിക്കും?

Published : Nov 13, 2025, 06:30 AM IST
Kanchiyar bjp

Synopsis

ഇടുക്കിയിലെ കാഞ്ചിയാർ പഞ്ചായത്തിൽ 16ൽ 9 സീറ്റുമായി എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും, പ്രസിഡന്‍റ് പദവി നഷ്ടമായി, ഒരംഗം മാത്രമുണ്ടായിരുന്ന ബിജെപി 5 വർഷം ഭരിച്ചു

ഇടുക്കി: എൽ ഡി എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ബി ജെ പി ഭരിച്ച കഥയാണ് ഇടുക്കിയിലെ കാഞ്ചിയാർ പഞ്ചായത്തിന് പറയാനുള്ളത്. ബി ജെ പിയുടെ ഒരംഗം മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പഞ്ചായത്തിൽ വിജയിച്ചത്. എന്നിട്ടും അഞ്ച് വർഷവും ബി ജെ പി അംഗം പ്രസിഡന്‍റായി പഞ്ചായത്ത് ഭരിച്ചു. പതിനാറ് വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ കഴിഞ്ഞ തവണ ഒൻപത് പേരാണ് എൽ ഡി എഫിൽ നിന്നും ജയിച്ചത്. യു ഡി എഫിന് ആറംഗങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ബിജെപി അംഗമായ സുരേഷ് കുഴിക്കാട്ട് പ്രസിഡന്‍റായി. പ്രസിഡന്‍റ് സ്ഥാനം പട്ടകജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് ഏക ബി ജെ പി അംഗമായ സുരേഷിന് തുണയായത്.

നാല് പേർ മത്സരിച്ചു

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള നാല് പേരാണ് കഴിഞ്ഞ തവണ പഞ്ചായത്തിൽ മത്സരിച്ചത്. ജനറൽ സീറ്റിൽ ഉൾപ്പെടെ രണ്ട് വാർഡുകളിൽ പട്ടികജാതി വിഭാഗക്കാരെ ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. ബി ജെ പി അംഗമായ സുരേഷാകട്ടെ വിജയിക്കുകയും ചെയ്തു. ഇതോടെ ബി ജെ പിക്ക് ഇടുക്കിയിൽ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കിട്ടി.

അപ്രതീക്ഷിത പദവി

പദവി അപ്രതീക്ഷിതമായിരുന്നെങ്കിലും ഇരു വിഭാഗത്തെയും ഒപ്പം നിർത്തിയും എതിർത്തുമൊക്കെ സുരേഷ് അഞ്ച് വർഷവും പഞ്ചായത്ത് ഭരിച്ചു. വിമർശനങ്ങളേറെയുണ്ടെങ്കിലും നാടിന്‍റെ വികസനത്തിന് യോജിക്കാവുന്നിടത്തൊക്കെ പ്രതിപക്ഷവും ഒപ്പം നിന്നു. ആരോഗ്യ രംഗത്തുൾപ്പെടെ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങളും പഞ്ചായത്ത് നേടി.

പഞ്ചായത്ത് മെമ്പർക്കും മേയർക്കും പ്രതിഫലം എത്ര

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയവും ചർച്ചയാകുന്നു. പഞ്ചായത്ത് അം​ഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ അം​ഗത്തിന് 7000 രൂപയാണ് ഓണറേറിയം ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,200 രൂപയും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 7,600 രൂപയും പ്രതിമാസം ഓണറേറിയം ഇനത്തിൽ ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപയാണ് ലഭിക്കുക. വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 8,800 രൂപയും ലഭിക്കും. നഗരസഭയിലെ ശമ്പള നിരക്ക് പരിശോധിച്ചാൽ ചെയർമാന് പ്രതിമാസം 14,600 രൂപയാണ് ലഭിക്കുക. വൈസ് ചെയർമാന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും നഗരസഭാ കൗൺസിലർക്ക് 7,600 രൂപയും ലഭിക്കും. കോർപ്പറേഷൻ മേയർ എന്നത് പ്രോട്ടോക്കോൾ പ്രകാരം വലിയ പദവിയാണെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന അതേ ഓണറേറിയമായ 15,800 രൂപയാണ് മേയർക്കും ലഭിക്കുക. ഡെപ്യൂട്ടി മേയർക്ക് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയുമാണ് ഓണറേറിയമായി ലഭിക്കുക. ഇതിനൊപ്പം കൂടുതലായി സിറ്റിംഗ് ഫീയും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം