അന്തർജില്ലാ മോഷണസംഘ തലവൻ മലപ്പുറത്ത് പിടിയിൽ

By Web TeamFirst Published Mar 17, 2021, 12:14 PM IST
Highlights

മുൻ കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ ചെമ്മാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

തിരൂരങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തർജില്ലാ മോഷണ സംഘത്തലവനെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും തിരൂരങ്ങാടി പൊലീസും ചേർന്ന് പിടികൂടി. വേങ്ങര പറപ്പൂർ സ്വദേശി കുളത്ത് അബ്ദുൽറഹീം എന്ന വേങ്ങര റഹീമിനെയാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാത്രി കാല കളവുകൾ കൂടിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം രാത്രികാല പരിശോധനകളടക്കം ശക്തമാക്കിയിരുന്നു. 

മുൻ കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ ചെമ്മാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ മാസം പുലർച്ചെ തിരൂരങ്ങാടി മുന്നിയൂർ നെടുമ്പറമ്പ് സ്വദേശി അഹമ്മദ് കബീറിന്റെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വില കൂടിയ മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്തതടക്കം നിരവധി കേസുകൾക്ക് ഇതോടെ തെളിവായി. 

അഞ്ചു വർഷം മുമ്പാണ് റഹീമിന്റ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ ഒറ്റക്കു കഴിയുന്ന സ്ത്രീകളെ  ക്ലോറോഫോം മണപ്പിച്ച് മയക്കി കിടത്തി കവർച്ച ചെയ്തത്. 30 ഓളം കേസുകളാണ്  ഇയാളേയും സംഘത്തേയും പിടികൂടിയതോടെ അന്ന് തെളിയിക്കാനായത്. രണ്ട് വർഷം മുമ്പ് ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മഞ്ചേരിയിൽ വാടക വീട്ടിൽ വളരെ രഹസ്യമായി താമസിച്ചു വരികയായിരുന്നു.

അടുത്തിടെയായി ലഹരി കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തി വന്ന ഇയാൾ ആന്ധ്രയിൽ നിന്ന് കഞ്ചാവ് ഇവർക്കു വേണ്ടി എത്തിച്ചു കൊടുത്തിരുന്നതായും പറയുന്നു. മോഷണ മുതലുകൾ കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

click me!