
കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ - മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച നിലയിലാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ടീമംഗങ്ങൾ സ്ഥലത്തെത്തി ജഡം താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വയനാട്ടിൽ ഒരാളെ കടുവ കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായി. അതിന് മുമ്പ് താമരശ്ശേരി ചുരത്തിൽ കടുവയെ കാണുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുകയാണ്.
സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനം വകുപ്പ് തെരച്ചിൽ തുടരുകയാണ്. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനം വകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാണ് ഇന്നത്തെ തെരച്ചിൽ.
കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.
പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനം വകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam