
പാലക്കാട്: അൻപതു വർഷം പഴക്കമുള്ള ഇടിഞ്ഞു വീഴാറായ വീട്ടിൽ ദുരിതം പേറി ജീവിക്കുകയാണ് പാലക്കാട് ജില്ലയിലെ അഞ്ചംഗ കുടുംബം. പാലക്കാട് മങ്കര സ്വദേശി നാരായണിയും കുടുംബവുമാണ് വീട് എപ്പോൾ ഇടിഞ്ഞുവീഴുമെന്ന് പേടിച്ച് ഭീതിയിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങളായിട്ടും തീരുമാനമായിട്ടില്ല. ഒന്നര വർഷം മുമ്പാണ് ഒരു മഴക്കാലത്ത് മൺകട്ട കൊണ്ട് നിർമിച്ച വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നത്. ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. അടുത്ത മഴ കൂടി വന്നാൽ വീട് പൂർണമായും നിലം പൊത്തുമോയെന്ന ഭീതിയിലാണ് ഈ കുടുംബം.
നഷ്ട പരിഹാരത്തിന് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ധന സഹായം ഒന്നും ലഭിച്ചില്ല. നല്ലൊരു വീടിന് ലൈഫ് പദ്ധതിയിലും അപേക്ഷ കൊടുത്തു. പട്ടികയിൽ പേരും വന്നു, പട്ടികയുടെ അവസാനമാണ് പേര് ചേർത്തിരുന്നത്. രോഗബാധിതരായ മകളും മകനും രണ്ട് പേരക്കുട്ടികളുടേയും ഏക ആശ്രയം 70 കാരിയായ നാരായണി മാത്രമാണ്. ഒരു നേരം അരി വേവിക്കാൻ തൊഴിലുറപ്പ് ജോലിക്ക് പോകും. അതില്ലെങ്കിൽ വീട്ടിൽ പട്ടിണി. അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ആരോടും ഒന്നും പറയാതെ ഇതിനുള്ളിൽ കഴിയാമല്ലോയെന്നാണ് ഈ അമ്മ നിസ്സഹായതയോടെ പറയുന്നത്.
ഈ വീടിനുള്ളിൽ ഞങ്ങളെങ്ങനെ കഴിയും?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam