'ദൃശ്യങ്ങളില്‍ അവശന്‍, 11 ക്യാമറ ട്രാപ്പുകൾ വെട്ടിച്ച് നടന്നു , ഒടുവിൽ വിശപ്പുസഹിക്കാതെ കൂട്ടില്‍ കയറിയ പുലി കുടുങ്ങി'

Published : Jul 01, 2025, 10:06 PM IST
leopard trapped by forest department

Synopsis

ജൂലൈ ഒന്നാം തീയ്യതി പുലര്‍ച്ചെ നാല് മണിയോടെയായിരിക്കാം പുലി കൂട്ടിലകപ്പെട്ടതെന്നാണ് കരുതുന്നത്. കൂട്ടിലായി രണ്ട് മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ ഇക്കാര്യമറിയുന്നത്.

സുല്‍ത്താന്‍ ബത്തേരി: രണ്ട് മാസത്തിലധികമായി തുടങ്ങിയതായിരുന്നു സാറെ അവന്റെ പൊല്ലാപ്പ്. എവിടെ എപ്പോ വന്നുചാടുമെന്ന് അറിയില്ല. പാലളക്കാനും കുട്ടികള്‍ക്ക് മദ്രസയിലേക്ക് പോകാനുമൊന്നും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്നാണ് ആ ഭീഷണി ഒഴിഞ്ഞത്, നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയതോടെ. ചീരാലിലെയും നമ്പിക്കൊല്ലിയിലെയും ജനങ്ങള്‍ പുലപ്പേടിയുടെ കഥ വിവരിക്കുകയായിരുന്നു. 

സൗത്ത് വയനാട് വനം ഡിവിഷന്‍ മുട്ടില്‍ സെക്ഷനിലുള്‍പ്പെട്ട ചീരാല്‍ അശാരിപ്പടി പ്രദേശത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഒരു വന്യമൃഗത്തിന്റെ സാന്നിധ്യം നാട്ടുകാര്‍ ആദ്യമായി വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരു വീട്ടിലെത്തി വളര്‍ത്തുനായയെ പിടിച്ചതായിരുന്നു ആദ്യ സംഭവം. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുള്ളത് പുലി തന്നെയെന്ന് ഉറപ്പിച്ചു. ഈ സമയം തന്നെ സമീപ പ്രദേശങ്ങളായ തമിഴ്‌നാട് നരിക്കൊല്ലി ഭാഗത്തും പുലിയെ കണ്ടുവെന്നുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികളില്‍ വലിയ ഭീതിയും ആശങ്കയും ഉടലെടുത്തു. 

തുടര്‍ച്ചയായി 12 ഓളം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതോടെ ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയതിന് പിന്നാലെ പുലിയെ കണ്ടതായി സ്ഥിരീകരിച്ച പ്രധാന ലൊക്കേഷനുകളില്‍ 11 ക്യാമറ ട്രാപ്പുകള്‍ വനംവകുപ്പ് സ്ഥാപിച്ചു. ഒപ്പം പിടികൂടാനുള്ള കൂടും കൊണ്ടുവന്നുവെച്ചു. കൂട് വെച്ചിട്ടും ആ സ്‌പോട്ടിലേക്ക് പുലി എത്താതെ വന്നതോടെ ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കൂട് മാറ്റി. അങ്ങനെ ആദ്യം കന്നുകാലിയെ ആക്രമിച്ച സ്‌പോട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 29ന് കൂടെത്തിച്ചു. ഇരയെ വെച്ച് ആഴ്ച്ചകളോളമാണ് വനംവകുപ്പും നാട്ടുകാരും കാത്തിരുന്നത്. പരിസര ഈ സമയങ്ങളിലെല്ലാം കൂട് സ്ഥാപിച്ചിരുന്നതിന്റെ അയല്‍ പ്രദേശങ്ങളില്‍ പുലിയെത്തി വളര്‍ത്തുമൃഗങ്ങളെ വകവരുത്തിക്കൊണ്ടിരുന്നു.

2025 ഏപ്രില്‍ മാസം മുതലാണ് പുലി നെന്‍മേനി ഗ്രാമപഞ്ചായത്ത് പരിധിയിലെ ചീരാല്‍ മേഖലയിലെ 11,12,13 വാര്‍ഡുകളിലുള്‍പ്പെട്ട വെള്ളച്ചാല്‍, കല്ലിങ്കര, മുരിക്കിലാടി, നമ്പ്യാര്‍കുന്ന്, ആര്‍ത്തവയല്‍, കല്ലൂര്‍, ആശാരിപ്പടി ഭാഗങ്ങളില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും, കൊലപ്പെടുത്തുകയും ചെയതത്. ജൂലൈ ഒന്നാം തീയ്യതി പുലര്‍ച്ചെ നാല് മണിയോടെയായിരിക്കാം പുലി കൂട്ടിലകപ്പെട്ടതെന്നാണ് കരുതുന്നത്. 

കൂട്ടിലായി രണ്ട് മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ ഇക്കാര്യമറിയുന്നത്. തുടര്‍ന്ന് നൂല്‍പ്പുഴ പോലീസിനെ വിവരമറിയിച്ചു. പിന്നീട് മേപ്പാടി, മുത്തങ്ങ റെയിഞ്ചിലെ വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് എത്തി പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ പുലിയെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള കുപ്പാടിയിലുള്ള ആനിമല്‍ ഹോസ്പൈസ് സെന്ററിലെത്തിക്കുകയായിരുന്നു. ഇവിടെ വനം വെറ്ററിനറി ഡോക്ടര്‍ പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് ടോറസ് ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ഭാരുണാന്ത്യം
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി, ബംഗളൂരുവിൽ വെച്ച് മലയാളി നഴ്സുമായി ബന്ധം, കാണാൻ പന്തളത്തെത്തിയപ്പോൾ അറസ്റ്റ്