
കാസർകോട്: ഒരു പവന്റെ ബ്രേസ്‌ലറ്റിനുവേണ്ടി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ കഴുത്തുഞെരിച്ചു കൊന്ന കേസിലാണ് വയനാട് മേപ്പാടി തൃക്കൈപ്പറ്റ സ്വദേശി എം.ആന്റോ സെബാസ്റ്റ്യൻ (44) അറസ്റ്റിലാകുന്നത്. 2023 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണയെ (32)യാണ് കൊലപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയി. ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് എത്തുമ്പോൾ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു ആന്റോ. പൊലീസ് ആന്റോ സെബാസ്റ്റ്യൻ ആണോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മറുപടിയാണ് യുവാവ് നൽകിയത്. നിങ്ങൾ ആരാണെന്നു ആന്റോ തിരിച്ചു ചോദിച്ചപ്പോൾ പൊലീസ് ആണെന്ന് പറഞ്ഞു. പിന്നാലെ ആന്റോ സെബാസ്റ്റ്യനെ അനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ പൊലീസുകാർ ചുറ്റും വളഞ്ഞു പിടികൂടുകയായിരുന്നു.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയ ആന്റോ സെബാസ്റ്റ്യൻ വയനാട്ടിൽ യുവതിയെ വിവാഹം കഴിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ആദ്യം റബ്ബർ വെട്ട് ജോലികൾ ചെയ്തിരുന്നെങ്കിലും പിന്നീട് പെയിന്റിംഗ് ജോലിയിലേക്ക് മാറി. ആദിവാസികൾ കൂടുതൽ താമസിക്കുന്ന ഗ്രാമമാണ് ഇയാൾ ഒളിവ് താമസത്തിനായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പ്രദേശവാസികളും ഇയാളെ സംശയിച്ചില്ല. എന്നാൽ പൊലീസ് തന്ത്രമായി വലയിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരതിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസും കാസർകോട് സബ് ഡിവിഷൻ സ്‌ക്വാഡും വയനാട്ടിൽ എത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാലു വർഷമായി ഒരുമിച്ചു താമസിച്ചിരുന്ന നീതുവിനെ 2023 ജനുവരി 27നു രാവിലെയാണ് ഷേണിയിലെ എസ്റ്റേറ്റിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു പവന്റെ ബ്രേസ്‌ലറ്റിനു വേണ്ടിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. തുടർന്നു മുംബൈയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ എം.ആന്റോ സെബാസ്റ്റ്യൻ തിരുവനന്തപുരത്തുനിന്ന് പിടിയിലായി. പിന്നീട് ജ്യാമത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡിയുടെ നിർദേശപ്രകാരം കാസർകോട് എഎസ്പി എം.നന്ദഗോപന്റെ മേൽനോട്ടത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാർ, സിപിഒമാരായ എസ്.ഗോകുല, ശ്രീനേഷ്, ആരിഫ്, സ്‌ക്വാഡ് അംഗമായ ഷജീഷ് എന്നിവർ വയനാട് പൊലീസിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.