
കോഴിക്കോട്: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേര് ഓർമയിൽ നിന്നും പറഞ്ഞ് റെക്കോര്‍ഡിട്ട് എല്‍എല്‍ബി വിദ്യാര്‍ത്ഥി. മലപ്പുറം എംസിടി കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ ഷാരൂൺ എസ് ദീപാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 28 സെക്കന്‍റ് കൊണ്ട് ഇത് വരെയുള്ള അമേരിക്കൻ പ്രസിഡന്‍റുമാരുടെ പേര് ഓര്‍ത്തെടുത്ത് പറഞ്ഞതാണ് ലണ്ടൻ ആസ്ഥാനമായുള്ള ടൈം വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.
2020 നവംബറിൽ അമേരിക്കയിലെ 46 പ്രസിഡന്‍റുമാരുടെ പേരുകൾ 57 സെക്കന്റ് കൊണ്ട് പറഞ്ഞപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി. 2020 ഡിസംബറിൽ സമാന കാറ്റഗറിൽ 42 സെക്കന്റ് കൊണ്ട് സ്വന്തം റെക്കോർഡ് തിരുത്തി ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡും കരസ്ഥമാക്കി. 2021 ഒക്ടോബറിൽ 30 സെക്കന്റ് കൊണ്ട് ഓർമ്മ ശക്തിയിൽ വീണ്ടും നിലവിലെ റിക്കോർഡ് മറികടന്ന് അറേബ്യൻ വേൾഡ് റിക്കോർഡും ലഭിച്ചു. ഇതിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡ്.
2020ൽ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് കാലത്താണ് പ്രസിഡന്റുമാരുടെ പേര് ഓർക്കൽ ഹോബിയായി തുടങ്ങിയതെന്ന് ഷാരൂണ്‍ പറഞ്ഞു. റിട്ടയർഡ് സീനിയർ ബാങ്ക് മാനേജരായ അച്ഛൻ സനിൽ ദീപ് ഹാം റേഡിയോയുടെ ലൈസൻസി ഓപ്പറേറ്ററാണ്. ഇതിനകം ലോകത്തിലെ 200 ഓളം രാജ്യങ്ങളിലെ ഹാമുകളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ 45 സ്റ്റേറ്റ് ഹാമുകളുമായി സംസാരിക്കാനുള്ള അവസരം വന്നപ്പോൾ മകനോട് അമേരിക്കൻ പ്രസിഡന്റ്മാരുടെ പേരു ഓർത്ത് പറയാൻ നിർദേശിച്ചത്. മൂന്ന് ദിവസത്തെ പരിശീലനത്തിലൂടെ ഷാരൂൺ എസ് ദീപ് ഓർമ്മ ശക്തി പരീക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ റിക്കോർഡുകളും തേടിയെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam