
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കണ്ടത്തറ മഹല്ല് മുസ്ലീം ജമാ അത്ത് പ്രതിഷേധവുമായി രംഗത്തെത്തി. അതിഥി തൊഴിലാളികൾ താമസിക്കുന്ന കോളനിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡ് പോലീസ് നീക്കം ചെയ്തതിലും പ്രതിഷേധക്കാർക്കെതിരെ കളളക്കേസുകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം. ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും നിയമപരമായ നടപടികൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും റൂറൽ എസ്.പി. അഭ്യർത്ഥിച്ചു. പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലാണ് ‘ഭായ് കോളനി’. ഇവിടെ ലഹരി ഇടപാടുകളും അനാചാര പ്രവർത്തനങ്ങളും വ്യാപകമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. “കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും, തല്ലും, തല്ലും” എന്നായിരുന്നു ബോർഡിൽ ഉണ്ടായിരുന്നത്.
പെരുമ്പാവൂരിൽ പ്രൈവറ്റ് ബസ് സ്റ്റാർഡും സമീപ പ്രദേശങ്ങളുമെല്ലാം ഭായിമാർ കീഴടക്കി കഴിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ പെരുമ്പാവൂരുകാർ ആ ഭാഗത്തേക്ക് പോകാറില്ല. ഭായിമാർക്കായി ഞായറാഴ്ച തിയറ്ററിൽ പ്രത്യേക ഷോകൾ, വസ്ത്രങ്ങൾ,ഭക്ഷണം, മാഗസിൻ എന്നിങ്ങനെ മാർക്കറ്റിൽ പലതും ലഭ്യമാകും.
പെരുമ്പാവൂരിലെ എസ്.ബി.ഐ ബാങ്കിന്റെ പാർക്കിങ് ഏരിയയിൽ ലഹരി ഉപയോഗമുണ്ടെന്നും ആരോപിക്കുന്നു. പകൽപ്പോലും പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്നും കഞ്ചാവ് മുതൽ ഹെറോയിൻ, രാസലഹരി വരെ എളുപ്പത്തിൽ ലഭിക്കുന്ന കേന്ദ്രമായി പ്രദേശം മാറിയെന്നും നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് ‘ലഹരി വിരുദ്ധ സമിതി’ രൂപീകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയത്. പൊലീസും എക്സൈസും ഇടയ്ക്കിടെ പരിശോധനകൾ നടത്തി ലഹരിവസ്തുക്കൾ പിടികൂടുന്നുണ്ടെങ്കിലും, ഇവിടേക്ക് എത്തുന്ന ലഹരിയുടെ അളവ് കൂടുതലാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. അടുത്തിടെ, കാലടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കെ.എ സുബീറിനെ എറണാകുളം റൂറൽ എസ്.പിയായിരുന്ന എം. ഹേമലത സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഭായ് കോളനിയിലുള്ള സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്ന് പെരുമ്പാവൂർ പോലീസ് ഒൻപതര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെ തുടർന്നായിരുന്നു നടപടി. ജാഗ്രതക്കുറവാണ് കാരണം എന്ന് വിലയിരുത്തി. അതേ മാസം കോളനിയിലെ മറ്റൊരു വീട്ടിൽ നിന്ന് എക്സൈസ് 10 ലക്ഷം രൂപ വിലമതിക്കുന്ന 66 ഗ്രാം ഹെറോയിനും, നോട്ട് എണ്ണുന്ന മെഷീനും, 9.33 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഈ കേസിലും സുബീറിന്റെ പേരിൽ ആരോപണം ഉയർന്നു. സലീന അലിയാർ എന്ന സ്ത്രീയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam