സാമൂഹ്യവിരുദ്ധരുടെ താവളമായി കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലസംഭരണി

By Web TeamFirst Published Aug 8, 2019, 9:54 AM IST
Highlights

മലമുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ പടുകൂറ്റന്‍ ജലസംഭരണി ഇപ്പോള്‍ കാട് കയറിയ നിലയിലാണ്. സര്‍വ്വീസ് റിസര്‍വോയറില്‍  യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും സമീപം താമസിക്കുന്നവര്‍ക്ക്  ഭീഷണിയാകുന്നുവെന്നാണ് ആരോപണം.

ചാരുംമൂട്: കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലസംഭരണി സാമൂഹ്യ വിരുദ്ധരുടെ താവളമായിമാറുന്നു. പാലമേല്‍ ഗ്രാമ പഞ്ചായത്തില്‍ മറ്റപ്പള്ളിമലയുടെ മുകള്‍ ഭാഗത്ത്  ശുദ്ധജലം സംഭരിച്ച് വിതരണം ചെയ്യുന്നതിനായി സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ജലസംഭരണിയും പരിസര പ്രദേശവുമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. 

മറ്റപ്പള്ളിമലയുടെ മുകളില്‍ 5 സെന്‍റ് സ്ഥലത്ത് 8.23 ലക്ഷം ലിറ്റര്‍ ശുദ്ധജലം സംഭരിക്കാന്‍ കഴിയുന്ന  ജലസംഭരണി 2013 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 2017 ലാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. അച്ചന്‍കോവിലാറില്‍ നിന്നും നേരിട്ടെത്തിക്കുന്ന ജലം ഈ സംഭരണിയില്‍ ശേഖരിച്ചാണ്  നൂറനാട്, ചുനക്കര, പാലമേല്‍ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യന്നത്. 

മലമുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ പടുകൂറ്റന്‍ ജലസംഭരണി ഇപ്പോള്‍ കാട് കയറിയ നിലയിലാണ്. സര്‍വ്വീസ് റിസര്‍വോയറില്‍  യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും സമീപം താമസിക്കുന്നവര്‍ക്ക്  ഭീഷണിയാകുന്നുവെന്നാണ് ആരോപണം. 24 മണിക്കൂറും അതീവ സുരക്ഷാ മേഖലയായി പരിഗണിക്കേണ്ട ഇവിടെ സുരക്ഷാ ജീവനക്കാരോ, വകുപ്പ് ഉദ്യോഗസ്ഥരോ എത്താറില്ലെന്നാണ് പരാതി. 

ജനവാസ കേന്ദ്രത്തില്‍ നിന്നും വളരെ മാറി മലമുകളില്‍ ആയതും, കാട് കയറി കിടക്കുന്നതിനാല്‍ പകല്‍ പോലും ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന പ്രദേശമായതിനാലും സാമുഹൃവിരുദ്ധര്‍ക്ക് തമ്പടിക്കുന്നതിന് സഹായമാകുന്നുവെന്നാണ് പരാതി. ജലസംഭരണിയുടെ മുകളിലെ രണ്ട് മാന്‍ഹോളുകളും, എയര്‍ ട്യൂബുകളും നശിപ്പിച്ച നിലയിലാണുള്ളത്. ആയിരക്കകണക്കിന് ആള്‍ക്കാര്‍ ശുദ്ധജലം ഉപയോഗിക്കുന്ന ജലസംഭരണി സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!