
മലപ്പുറം: 'ജിന്ന് മന്ത്രിച്ചൂതിയ പഴം' കഴിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ച് ഭക്തി ചൂഷണവും വന്‍ സാമ്പത്തിക തട്ടിപ്പും നടത്തിവന്ന വ്യാജ കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് അടപ്പിച്ചു. തിരുനാവായ കൊടക്കലില്‍ 'ജിന്ന് മഹര്‍' എന്ന പേരില്‍ മജ്ലിസ് നടത്തിയിരുന്ന അബു അലവി എന്നയാളുടെ തട്ടിപ്പ് കേന്ദ്രമാണ് ജനരോഷത്തെ തുടര്‍ന്ന് പൂട്ടിച്ചത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 2500 രൂപയ്ക്കാണ് ഇവര്‍ ലേലം ചെയ്തു വിറ്റത്.
മജ്ലിസില്‍ ജിന്നാണെന്ന് വിശ്വസിപ്പിച്ച് ഒരാള്‍ മൂടിപ്പുതച്ചിരിക്കുകയും ഇയാള്‍ പഴത്തില്‍ മന്ത്രിച്ചൂതിയ ശേഷം ലേലം വിളിക്കുകയുമായിരുന്നു. 1000 രൂപയില്‍ ആരംഭിച്ച ലേലവിളി ഒടുവില്‍ 2500 രൂപയ്ക്ക് ഒരു യുവാവ് ഉറപ്പിച്ചു. പഴം വാങ്ങിക്കഴിക്കുന്ന നിമിഷം മുതല്‍ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ വാഗ്ദാനം.
എന്നാല്‍ പഴം കഴിച്ചിട്ടും അത്ഭുതങ്ങളൊന്നും സംഭവിക്കാതെ വരികയും അന്ധവിശ്വാസവും സാമ്പത്തിക ചൂഷണവും വ്യക്തമാവുകയും ചെയ്തതോടെ നാട്ടുകാര്‍ കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നാട്ടുകാര്‍ തടഞ്ഞു.
അബു അലവി മുന്‍പും വിവിധ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ ഭക്തി തട്ടിപ്പ് നടത്തുകയും നാട്ടുകാര്‍ ആട്ടിയോടിക്കുകയും ചെയ്തിട്ടുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിനുശേഷമാണ് ഇയാള്‍ തിരുനാവായയിലെത്തി പുതിയ വ്യാജ കേന്ദ്രം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam