കനിവ് കാത്ത്; ലോക്ക്ഡൗണിൽ പട്ടിണിയിൽ, സലൂൺ ബ്യൂട്ടിപാ‍ർലറുകൾ തുറക്കാൻ അനുമതി തേടി തൊഴിലാളികൾ

By Nikhil PradeepFirst Published Jun 16, 2021, 9:08 AM IST
Highlights

ബാർബർ ഷോപ്പുകൾ തുറക്കാം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യോത്തര വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിൽ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല...

തിരുവനന്തപുരം: കൊവിഡ്‌ രണ്ടാം തരംഗത്തിന്റെ വരവിൽ തൊഴിൽ ഇല്ലാതെ പട്ടിണിയിലും കടക്കെണിയിലുമായി സംസ്ഥാനത്തെ സലൂൺ, ബ്യൂട്ടീഷൻ തൊഴിലാളികൾ. 45 ദിവസത്തിലേറെയായി സംസ്ഥാനത്ത് സലൂണുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞു കിടക്കുന്നതിനാൽ ഒരു ദിവസത്തെ അന്നത്തിന് പോലും വഴി കണ്ടെത്താൻ കഴിയാതെ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇക്കൂട്ടർ. നിലവിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ തുറക്കാൻ സർക്കാർ അനുമതി നൽകുന്നുണ്ടെങ്കിലും ആളുകളുമായി അടുത്ത് ഇടപഴുകുന്നതിനാലും ശാരീരിക അകലം പാലിക്കാൻ കഴിയാത്ത ജോലി ആയതിനാലും സംസ്ഥാനത്തെ സലൂൺ, ബ്യൂട്ടി പാർലറുകൾ തുറക്കാൻ നടപടി ആകുന്നില്ല. 

ബാർബർ ഷോപ്പുകൾ തുറക്കാം എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യോത്തര വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിൽ ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. കൊവിഡ്‌ ഒന്നാം തരംഗ സമയത്ത് കൊവിഡ്‌ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിച്ച തങ്ങൾ ഇക്കുറിയും കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് അറിയിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവർ പറയുന്നത്. 

അഥിതി തൊഴിലാളികൾ ഉൾപ്പെടെ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ഈ മേഖലയിൽ ജോലി നോക്കുന്നുണ്ടെന്ന് സലൂൺ ബ്യുട്ടി പാർലർ അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് പറഞ്ഞു. 45 ദിവസത്തിലേറെയായി സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ഇവിടെ ഉണ്ടായിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ഉൾപ്പടെയുള്ളവ നശിച്ചുപോയതായി സ്ഥാപന ഉടമകൾ പറയുന്നു. വരുമാനം നിലച്ചതോടെ സലൂൺ, ബ്യൂട്ടി പാർലറുകളുടെ കെട്ടിട വാടക കൊടുക്കാൻ കഴിയാതെ പലർക്കും ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയാണ്. 

കടകളുടെ വൈദ്യുതി ചാർജ്, വെള്ളത്തിന്റെ ചാർജ് എന്നിവയും കുടിശികയാണ്. ഉപകരണങ്ങൾ വാങ്ങാനും കടകൾ മോഡി പീഡിപ്പിക്കാനും ബാങ്ക് ലോണും കടവും വാങ്ങിയവർ ഇപ്പൊൾ അത് തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിൽ ആയിരിക്കുകയാണ്. സാധാരണ ഒരു സലൂൺ അടഞ്ഞു കിടക്കുമ്പോൾ പ്രതിദിനം ശരാശരി കുറഞ്ഞത് 2000 രൂപയാണ് നഷ്ടം വരുന്നത്. ഇത് ബ്യൂട്ടീപാർലറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ 15,000 മുതൽ മുകളിലേക്ക് വരുമെന്ന് ഉടമകൾ പറയുന്നു. ഏക ഉപജീവന മാർഗ്ഗം നിലച്ചതോടെ പലർക്കും ബാങ്ക് വായ്പകളും ഈ.എം.ഐ യും തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കണിയിലേക്ക് പോകുകയാണ്.

ആളുകളുമായി അടുത്ത് ഇടപഴകുന്ന വിവിധ വിഭാഗങ്ങളെ മുൻ നിര പട്ടികയിൽ ഉൾപ്പെടുത്തി കൊവിഡ്‌ വാക്‌സിൻ നൽകാൻ സർക്കാർ മുൻകൈ എടുത്തെങ്കിലും തങ്ങൾക്ക് അതിനുള്ള സൗകര്യം ഒരുക്കി കടകൾ തുറക്കാനുള്ള സഹായം മാത്രം ഒരുക്കിയില്ല എന്ന് ഇവർ ആരോപിക്കുന്നു. മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും തീരുമാനമാനമായിട്ടില്ലെന്ന് സലൂൺ ബ്യൂട്ടിപാർലർ അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് പറഞ്ഞു. 

സർക്കാർ ക്ഷേമനിധിയിൽ നിന്ന് 1000 രൂപ പ്രഖ്യാപിച്ചെങ്കിലും അത് ഇതുവരെ ലഭിച്ചില്ലെന്നും കുറച്ചുപേ‍ർ മാത്രമാണ് ക്ഷേമ നിധിയിൽ അംഗങ്ങളായി ഉള്ളതെന്നും സുരേഷ് പറഞ്ഞു. വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെട്ട് കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് സലൂൺ ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

click me!