
കല്‍പ്പറ്റ: തനിച്ച് താമസിക്കുകയായിരുന്ന വയോധിക അവശനിലയിലായതോടെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചെമ്പോത്രയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വയോധികയെ ഉച്ച കഴിഞ്ഞിട്ടും പുറത്തെങ്ങും കാണാതായതോടെ ആശങ്കയിലായ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി ഏറെ നേരം വിളിച്ചെങ്കിലും പ്രതികരണമൊന്നുമില്ലാതിരുന്നതോടെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്തുകയറിയത്. അകത്ത് ചെന്ന് നോക്കുമ്പോള്‍ വയോധിക അവശനിലയിലായിരുന്നു. ഉടന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ച വയോധികയെ പിന്നീട് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.വി ബിഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രേഷ്മ, സഞ്ജു, ഡ്രൈവര്‍ പ്രശാന്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.