
കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചു. വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപം ഇന്ന് രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറി പൂര്‍ണമായും കത്തിനശിച്ചു.
നാദാപുരം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപകടം ഉണ്ടായ ഉടനെ ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങി മാറിയതിനാല്‍ ദുരന്തം ഒഴിവായി. ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെഎം ഷമേജ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എന്‍എം ലതീഷ്, ഡി അജേഷ്, കെ ഷാഖില്‍, കെകെ ശികിലേഷ്, സന്തോഷ് ഇ, കെകെ അഭിനന്ദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ പ്രജീഷ്, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിഴിഞ്ഞം പൂങ്കുളം ജംഗ്ഷനിൽ ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു എന്നതാണ്. തക്കസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള രണ്ട് സിലണ്ടറുകളും കംപ്രസർ ഉൾപ്പടെയുള്ള സാധനങ്ങളും കണക്ഷനുകൾ വിച്ഛേദിച്ച് പെട്ടന്ന് തന്നെ എടുത്തുമാറ്റിയതും അപകടം ഒഴിവാക്കാൻ കാരണമായി. പൂങ്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജീവ് എന്നയാളിന്‍റെ സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തീപടരുന്നത് ശ്രദ്ധയിൽപെട്ടത്. പ്ലാസ്റ്റിക് സാധനങ്ങളിലടക്കം തീ വളരെ വേഗം കത്തിപ്പിടിച്ചതോടെ സമീപത്തുള്ള കടയിലേക്കും വീടുകളിലേക്കും പുക പടർന്ന് ആളുകൾക്ക് ശ്വാസതടസം ഉൾപ്പടെ അനുഭവപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ വെള്ളമൊഴിച്ച് തീകെടുത്താൽ ശ്രമിക്കുന്നതിനോടൊപ്പം വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ അഗ്നിശമന സേന വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിത്തെറി സാധ്യതകൾ ഉടൻ തന്നെ തടയുകയും ചെയ്തു. റിപ്പയറിങ്ങിനായി ഇവിടെ എത്തിച്ചിരുന്ന ഫ്രീസർ, എയർ കണ്ടീഷണർ, ഫ്രിഡ്‍ജ് ഉൾപ്പടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെൽഡിങ് സെറ്റിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഏങ്കൽസ്, മെക്കാനിക്ക് ദിനേശ്, ഓഫീസർമാരായ അനുരാജ്, സന്തോഷ് കുമാർ, രാജേഷ്, ഷിജു, ശ്യാംധരൻ, സെൽവകുമാർ ,സജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam