
മംഗളൂരു: ദേശീയപാതയോരത്ത് മാലിന്യം തള്ളിയ ലോറിയെ പിന്നാലെ പിന്തുടർന്ന് പിടികൂടി പൊലീസ്. മംഗളൂരുവിന് സമീപത്തെ കാപു ടൗൺ മുനിസിപ്പാലിറ്റി പരിധിയിലാണ് സംഭവം. റോഡരികിൽ മാലിന്യം തള്ളിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ലോറിയെ പിന്തുടർന്ന് പിടികൂടുകയും മാലിന്യം തിരിച്ചെടുപ്പിച്ച് സ്ഥലം വൃത്തിയാക്കിക്കുകയും ചെയ്തു.
ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ലോറി ദേശീയപാതയിലെ കൊപ്പലങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപം നിർത്തി ഡ്രൈവറും ക്ലീനറും മാലിന്യം റോഡരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാർ ഇത് ശ്രദ്ധിക്കുകയും വീഡിയോകൾ പകർത്തുകയും പ്രദേശത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവർ മുഴുവൻ മാലിന്യവും വലിച്ചെറിഞ്ഞ് പോടി. നാട്ടുകാർ ഉടൻ തന്നെ കൗപ് ടൗൺ മുനിസിപ്പാലിറ്റിയെ വിവരമറിയിച്ചു.
മുനിസിപ്പൽ അംഗം അനിൽ കുമാർ വിവരങ്ങൾ ശേഖരിച്ച് കടപ്പാടി പൊലീസിന്റെ സഹായത്തോടെ ലോറി പിന്തുടർന്നു. ജംഗ്ഷന് സമീപം വാഹനം തടഞ്ഞു. ഡ്രൈവർ കുറ്റം സമ്മതിക്കുകയും ശിക്ഷിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, മുനിസിപ്പൽ ഉദ്യോഗസ്ഥരും അംഗവും ചേർന്ന് ലോറി തിരികെ മാലിന്യം തള്ളുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് ഡ്രൈവറെക്കൊണ്ട് വലിച്ചെറിഞ്ഞ മാലിന്യം മുഴുവൻ നീക്കം ചെയ്യിച്ചു. ഡ്രൈവർക്ക് 2,000 രൂപ പിഴ ചുമത്തുകയും കുറ്റകൃത്യം ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.