
തൃശ്ശൂർ: കല്ലൂർ പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാർ എടുത്തിട്ടില്ല. വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി വലവിരിച്ചതായി പോലീസ് അറിയിച്ചു.
കണ്ണൂർ തലശേരി ഇല്ലിക്കുന്നിൽ കടയുടെ പൂട്ട് തകർത്ത് മോഷണം. ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തള്ള സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത കളളൻ മേശയിൽ സൂക്ഷിച്ച മുവ്വായിരം രൂപ കവർന്നു. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ പടം തൊട്ടടുത്തുള്ള വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞു. തൊട്ടടുത്തുളള വീട്ടിലും മോഷണ ശ്രമം നടന്നതായാണ് സൂചന. ധർമ്മടം പോലീസ് അന്വേഷണം തുടങ്ങി