
പത്തനംതിട്ട: കൈപ്പട്ടൂരിൽ മരം വെട്ടുന്നതിനിടെ വാൾ കൊണ്ട് കാല് മുറിഞ്ഞ തൊഴിലാളി മരത്തിന് മുകളിൽ കുടുങ്ങി. കലഞ്ഞൂർ സ്വദേശി ബിജു ആണ് അപകടത്തിൽപ്പെട്ടത്. കാലിനു ആഴത്തിൽ മുറിവേറ്റതോടെ ബിജുവിന് താഴെ ഇറങ്ങാൻ കഴിഞ്ഞില്ല. ഒന്നര മണിക്കൂറോളം മരത്തിനു മുകളിൽ ഇരുന്ന ബിജുവിനെ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Read more: മരപ്പൊത്തിൽ നിന്ന് കണ്ടെത്തിയത് 12 വെടിയുണ്ടകൾ; കേസെടുത്ത് പൊലീസ്
അതേസമയം, കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് ആദ്യമായല്ല കൊച്ചിയില്‍ നിന്ന് സമാനമായ അപകടമുണ്ടാവുന്നത്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്നു കേബിൾ സാബുവിന്‍റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന 25 കാരന്‍ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു.
ജനുവരി ആദ്യവാരത്തില്‍ തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി കളമശേരി തേവയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
നിരത്തിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ കാണുന്ന കേബിളുകൾ മുറിച്ച് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കചെയ്യണമെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവുകൾ നഗരത്തിൽ പ്രധാന റോഡുകളിൽ മാത്രം നടപടിയൊതുങ്ങുന്നുവെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam