
ആലപ്പുഴ: പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം തോട്ടാത്തോട് ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അതിഥികളെയും ജീവനക്കാരെയും കരയ്ക്കെത്തിക്കാൻ സാധിച്ചതിനാൽ ഒഴിവായത് വൻ അപകടം. തത്തംപള്ളി പാലപ്പറമ്പിൽ ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഓൾ സീസൺ ബോട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലണ്ടറിൽ നിന്നുള്ള വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ബോട്ട് പൂർണമായി കത്തിനശിച്ചു. കരയിൽ നിന്നവരാണ് ബോട്ടിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതികളാണ് ബോട്ടിൽ അതിഥികളായുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി കരയോട് ചേർത്ത് ബോട്ട് അടുപ്പിച്ചിരിക്കുകയായിരുന്നു. അഗ്നിശമസ സേനയും, ടൂറിസം പൊലീസും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ നിയന്ത്രവിധേയമാകില്ലെന്ന് കണ്ടതോടെ ബോട്ട് പൂർണമായും വെള്ളത്തിൽ മുക്കിയാണ് തീ അണച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam