
തിരുവനന്തപുരം: 12 വർഷം മുമ്പ് കാണാതായ അമ്മയെ വീണ്ടും കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ഝാർഖണ്ഡ് സ്വദേശിയായ മഹേഷ് എന്ന ചെറുപ്പക്കാരൻ. മാനസിക പ്രശ്നങ്ങൾ കാരണം നാടുവിട്ട ദ്രൗപദിയെ കോട്ടയം അയർക്കുന്നത്തെ ആകാശപ്പറവകൾ എന്ന സ്ഥാപനമാണ് മകന്റെ അരികിലെത്തിച്ചത്. കോട്ടയം അയർക്കുന്നത്തുള്ള ആകാശപ്പറവകൾ എന്ന സ്ഥാപനത്തിലാണ് വളരെ കൗതുകകരമായ, പ്രചോദിപ്പിക്കുന്ന ഒരു സമാഗമത്തിനാണ് വേദി ഒരുങ്ങിയത്. 12 വർഷം മുമ്പ് നഷ്ടപ്പെട്ടു എന്ന് കരുതിയ അമ്മയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് മഹേഷ്. മഹേഷിന്റെ അമ്മയാണ് ദ്രൗപദി.
തൃശൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ഈ സ്ഥാപനത്തിന് ദ്രൗപദിയെ കിട്ടുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ആയിരുന്നു ദ്രൗപദി ഉണ്ടായിരുന്നത്. അവർക്ക് ഓർമ്മയുണ്ടായിരുന്നില്ല. സ്വന്തം സ്ഥലം ഏതാണെന്ന് പോലും പറയാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇവിടുത്തെ പരിചരണത്തിന്റെ ഫലമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സ്ഥലം ഝാർഖണ്ഡ് ആണ് എന്ന് ദ്രൗപദി പറയുന്നത്. അതനുസരിച്ച് ഈ സ്ഥാപനത്തിന്റെ ഭാരവാഹികൾ അവിടെ അന്വേഷിച്ച് ദ്രൗപദിയുടെ മകനായ മഹേഷിനെ കണ്ടെത്തുന്നതും അമ്മയിവിടെ ഉണ്ട് എന്നറിഞ്ഞ് മഹേഷ് ഇവിടേക്ക് എത്തുന്നതും. അമ്മ മരിച്ചു പോയി എന്ന് വരെ മഹേഷ് കരുതിയിരുന്നു.