Asianet News MalayalamAsianet News Malayalam

ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു, ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. വിശ്വനാഥൻ മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു.

tribal youth committed suicide in kozhikode  Family against hospital staff nbu
Author
First Published Feb 11, 2023, 3:37 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്  മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ (46) ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ  കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇന്നലെ പൊലിസ് കേസെടുത്തിരുന്നു. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ഗുരുതര ആരോപണവുമായി വിശ്വനാഥന്റെ കുടുംബം രം​ഗത്തെത്തി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. വിശ്വനാഥൻ മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തത്. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ആശുപത്രിക്ക് മുന്നിലെ കുഴിയിലേക്ക് എടുത്ത് ചാടിയെന്ന് പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞു. വിശ്വനാഥന്‍ എങ്ങനെ മരിച്ചു എന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു. വർഷങ്ങൾ കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയതിൻ്റ് സന്തോഷത്തിലായിരുന്നു വിശ്വനാഥൻ എന്നും ലീല കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios