'അമേരിക്കയിൽ മരിച്ച ബന്ധുവിന്‍റെ സ്വത്തിന്‍റെ അവകാശി'; മാവേലിക്കര സ്വദേശിയെ തട്ടിച്ചത് ലക്ഷങ്ങൾ, പ്രതി പിടിയിൽ

Published : Jul 13, 2023, 01:38 PM IST
'അമേരിക്കയിൽ മരിച്ച ബന്ധുവിന്‍റെ സ്വത്തിന്‍റെ അവകാശി'; മാവേലിക്കര സ്വദേശിയെ തട്ടിച്ചത് ലക്ഷങ്ങൾ, പ്രതി പിടിയിൽ

Synopsis

സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുൺ വാസുദേവ് അമേരിക്കയിൽ മരണപ്പെട്ടിരുന്നു. ഇയാളുടെ പേരിൽ ന്യൂയോർക്ക് കമ്യൂണിറ്റി ബാങ്കിൽ 75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും അവകാശിയായി സത്യദേവന്റെ പേരാണ് നൽകിയിട്ടുളളതെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്

മാവേലിക്കര: മാവേലിക്കര സ്വദേശിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. പ്രായിക്കര വിളയിൽ വീട്ടിൽ സത്യദേവനാണ് വന്‍ തട്ടിപ്പിനിരയായത്. സത്യദേവനില്‍ നിന്ന് 24.25 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.  2021 ജൂലൈ മുതൽ ഒക്ടോബർവരെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ 32കാരനായ ധർമേന്ദ്രകുമാർ സിങ്ങിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് പിടികൂടിയത്. 

സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുൺ വാസുദേവ് അമേരിക്കയിൽ മരണപ്പെട്ടിരുന്നു. ഇയാളുടെ പേരിൽ ന്യൂയോർക്ക് കമ്യൂണിറ്റി ബാങ്കിൽ 75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും അവകാശിയായി സത്യദേവന്റെ പേരാണ് നൽകിയിട്ടുളളതെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നിരവധി തവണ സത്യദേവനെ ഓൺലൈനായി ബന്ധപ്പെട്ട പ്രതികൾ സർവീസ് ചാർജ് അടയ്ക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് പല തവണയായി പണം തട്ടിയെടുത്തു. ഇതിനായി വിവിധ സർക്കാർ ഏജൻസികളുടെ വ്യാജമുദ്ര പതിപ്പിച്ച കത്തുകളും സത്യദേവന് അയച്ചുകൊടുത്തിരുന്നു. 

കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ 2022 മാർച്ചിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മേയിൽ അന്വേഷകസംഘം പ്രതികൾ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്ന് ഡൽഹിയിലും ഉത്തർപ്രദേശിലും അന്വേഷണം നടത്തി. വ്യാജ മേൽവിലാസവും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിയെടുത്ത പണം പ്രതികൾ അവരുടെ കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് മറ്റിയതായി കണ്ടെത്തി. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളിൽ ഒരാൾ പിടിയിലായത്. മാവേലിക്കര സിഐ സി ശ്രീജിത്ത്, എസ്ഐ നൗഷാദ്, സീനിയർ സിപിഒമാരായ എൻ എസ് സുഭാഷ്, ആർ വിനോദ്കുമാർ, എസ് ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു