
കൽപ്പറ്റ: വയനാടിനെ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ലയായി ഓക്ടോബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇ-മാലിന്യ ശേഖരണ യജ്ഞം സംബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായി മാതൃകാപരമായ ദൗത്യത്തിനാണ് ജില്ല തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഇലക്ട്രോണിക് മാലിന്യ മുക്ത സ്ഥാപനങ്ങള്‍ എന്ന ഒന്നാം ഘട്ട പ്രഖ്യാപനം നടക്കും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് തദ്ദേശ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹരിതകര്‍മ്മസേന ഉള്‍പ്പെടെ എല്ലാവര്‍ക്കും മാലിന്യ ശേഖരണ ദൗത്യത്തില്‍ നിശ്ചിത വരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് - നഗരസഭാ തലത്തിലുള്ള ഇ- മാലിന്യമുക്ത, പ്ലാസ്റ്റിക് രഹിത പ്രഖ്യാപനം വിപുലമായ ഒരുക്കങ്ങളിലൂടെ പൂര്‍ത്തിയാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന-സാമുദായിക-മത സംഘടനകള്‍, റിസോര്‍ട്ടുകള്‍, മറ്റ് സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റസിഡന്‍ഷല്‍ അസോസിയേഷനുകള്‍ തുടങ്ങി എല്ലാവരെയും ദൗത്യത്തില്‍ പങ്കാളികളാക്കും. നവംബര്‍ ഒന്നിന് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലയെ മാതൃകാപരമായി മുന്‍പന്തിയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് സമ്പൂര്‍ണ്ണ ഇ- മാലിന്യമുക്ത ക്യാമ്പയിന്‍. ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകള്‍, സിഎഫ് എല്ലുകള്‍, ബാറ്ററികള്‍ അടക്കമുള്ള എല്ലാത്തരം ഇലക്ട്രോണിക് മാലിന്യങ്ങളും മണ്ണിലും ജലത്തിലും വലിയ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നത് തടയാന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങള്‍ താലൂക്കടിസ്ഥാനത്തില്‍ കളക്ഷന്‍ സെന്ററുകള്‍ മുഖേന ശേഖരിക്കും. ജില്ലയില്‍ സംഘടിപ്പിക്കുന്ന മാലിന്യ ശേഖരണ ക്യാമ്പയിനിലൂടെ പൊതുജനങ്ങളുടെ കൈവശമുള്ള ഉപയോഗ ശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ ജനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു.
ഓക്ടോബര്‍ രണ്ടിന് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേരുന്ന സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ലാ പ്രഖ്യാപനത്തില്‍ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആദരിക്കും. കൂടാതെ ഇ-മാലിന്യമുക്ത യജ്ഞത്തില്‍ പങ്കാളികളായ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സിവില്‍ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെയും മന്ത്രി ആദരിക്കും. മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി.മജീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറിയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജാസര്‍ പാലക്കല്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീര്‍ കെ. അനൂപ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam