അനിയൻമാരെ സംരക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് വിദ്യാർഥിനി; വിവരമറിഞ്ഞ് തുടർ പഠനവും മികച്ച ചികിത്സയും ഒരുക്കി പൊലീസ്

Published : Aug 10, 2023, 09:01 PM IST
അനിയൻമാരെ സംരക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് വിദ്യാർഥിനി; വിവരമറിഞ്ഞ് തുടർ പഠനവും മികച്ച ചികിത്സയും ഒരുക്കി പൊലീസ്

Synopsis

ഗൃഹസന്ദര്‍ശന വേളയിലാണ് പെരുമ്പാറ ഊരില്‍ നിന്ന് ബിരുദ പഠനത്തിന് പോയിരുന്ന പെണ്‍കുട്ടി പഠനം മതിയാക്കി വീട്ടില്‍ നില്‍ക്കുന്ന വിവരം പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം അറിഞ്ഞത്. 

തൃശൂര്‍: കാഴ്ചക്കുറവുളള അനുജന്‍മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാര്‍ഥിനിക്ക് തുടര്‍പഠനം ഉറപ്പാക്കി മലക്കാപ്പാറ പൊലീസ്. പെരുമ്പാറ ആദിവാസി ഊരിലെ ബിരുദ വിദ്യാര്‍ഥിനിയായ ജയശ്രീയെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് തുടര്‍പഠനത്തിന് അയച്ചത്. ജയശ്രീയുടെ സഹോദരങ്ങളെ ആലുവയിലെ അന്ധവിദ്യാലയത്തില്‍ എത്തിച്ച് സൗജന്യ തുടര്‍പഠനവും ഉറപ്പാക്കി. അടുത്ത ആഴ്ച ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ കുട്ടികളുടെ കണ്ണിന് ഓപ്പറേഷനും നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

മലക്കപ്പാറ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ ശ്യാം.സി.ആര്‍ ഗൃഹസന്ദര്‍ശന വേളയിലാണ് ജയശ്രീയുടെയും സഹോദരന്‍മാരുടെയും ജീവിതസാഹചര്യം അറിഞ്ഞത്. വിവരത്തെത്തുടര്‍ന്ന് മലക്കപ്പാറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. ഷാജഹാന്‍ ആദിവാസി ഊരിലെത്തി മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നല്‍കി. തുടര്‍ന്നാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. 

പൊലീസിന്റെ കുറിപ്പ്: തൃശൂര്‍ റൂറലിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറാണ് സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം.സി.ആര്‍. തേയിലത്തോട്ടം തൊഴിലാളികളുടെ ലയങ്ങളും ട്രൈബല്‍ കോളനികളും ധാരാളമുണ്ട് മലക്കപ്പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍. കാടും മലയും കയറി കോളനികള്‍ സന്ദര്‍ശിച്ച് കാടിനകത്ത് താമസിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാന്‍ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഡ്യൂട്ടിക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. അത്തരമൊരു ഗൃഹസന്ദര്‍ശന വേളയിലാണ് പെരുമ്പാറ ആദിവാസി ഊരില്‍ നിന്ന് ബിരുദ പഠനത്തിന് പോയിരുന്ന ജയശ്രീയെന്ന പെണ്‍കുട്ടി പഠനം മതിയാക്കി വീട്ടില്‍ നില്‍ക്കുന്ന വിവരം ശ്യാം അറിഞ്ഞത്. വിവരം തിരക്കിയപ്പോള്‍ കണ്ണിന് കാഴ്ചക്കുറവുളള രണ്ട് അനുജന്‍മാര്‍ക്ക് സംരക്ഷണം നല്‍കാനാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്ന് അവള്‍ അറിയിച്ചു.

വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി ജീവിക്കുന്ന കുടുംബമാണ് ജയശ്രീയുടേത്. അച്ഛനും അമ്മയും കാട്ടിലേയ്ക്ക് പോയാല്‍ പരസഹായമില്ലാതെ സഹോദരങ്ങള്‍ ഒറ്റയ്ക്കാവുന്നത് തിരിച്ചറിഞ്ഞ് പെണ്‍കുട്ടി വീട്ടിലേയ്ക്ക് മടങ്ങിയെത്തിയതായിരുന്നു. അന്ധവിദ്യാലയത്തില്‍ താമസിച്ചുപഠിച്ചിരുന്ന 14 ഉം 12 ഉം വയസ്സുളള സഹോദരങ്ങളെ രണ്ടുവര്‍ഷം മുമ്പാണ് പിതാവ് നിര്‍ബന്ധപൂര്‍വ്വം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ജനമൈത്രി ബീറ്റ് ടീം നല്‍കിയ വിവരത്തെത്തുടര്‍ന്ന് മലക്കപ്പാറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. ഷാജഹാന്‍ ആദിവാസി ഊരിലെത്തി മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നല്‍കി. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കാന്‍ തീരുമാനിച്ച പോലീസ് സംഘം കാഴ്ചയ്ക്ക് ബുദ്ധിമുട്ടുളള സഹോദരങ്ങളെ ആലുവ കീഴ്മാടുളള അന്ധവിദ്യാലയത്തില്‍ എത്തിച്ചു. സൗജന്യ തുടര്‍പഠനം ഉറപ്പാക്കി. കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും ലഭ്യമാക്കി. വരുന്നയാഴ്ച ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ കുട്ടികളുടെ കണ്ണിന് ഓപ്പറേഷനും നടത്തും. 

ബിരുദ വിദ്യാര്‍ത്ഥിയായ മൂത്ത കുട്ടിയെ മുന്‍പ് പഠിച്ചിരുന്ന വയനാട്ടിലെ കോളേജിലേയ്ക്ക് അയച്ചു. മാസങ്ങളായി ക്ലാസ് മുടങ്ങിയിരുന്നതിനാല്‍ കുട്ടിയുടെ വീടിന്റെ പ്രത്യക സാഹചര്യങ്ങള്‍ കോളേജ് അധികൃതരോട് നേരിട്ട് സംസാരിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വാങ്ങി നല്‍കിയാണ് പോലീസ് ജയശ്രീയെ വയനാട് കോളേജിലെത്തിച്ചത്. തേയിലത്തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കും ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കും സ്ഥിരമായി പി.എസ്.സി പരിശീലനവും നല്‍കുന്നുണ്ട് മലക്കപ്പാറ പോലീസ്. മലയോര മേഖലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് പോലീസിന്റെ ഈ സേവനം ഉപയോഗിക്കുന്നത്.

 മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്, 'ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും'  
 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം