
മലപ്പുറം : ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായ കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ അപകടങ്ങൾ പതിവെന്ന് നാട്ടുകാര്‍. ദേശീയ പാതയിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അറിയിക്കാനൊരു സംവിധാനവുമില്ലെന്നും ഡിവൈഡറിന് പകരമുള്ള ചാലിൽ വാഹനങ്ങൾ വീഴുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ബ്ലോക്കും അപകടവും പതിവാണ്. അപകടമേഖലയെന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് നാട്ടുകാര്‍ പല വട്ടം ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെയും ഒരു സംവിധാനവുമുണ്ടായിട്ടില്ല.
നിര്‍മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് ഇന്നലെ ബസ് അപകടമുണ്ടായത്. വാഹനങ്ങൾ വീതിയേറിയ റോഡുള്ള കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് കുതിച്ചെത്തും. പക്ഷേ, നിര്‍മാണം കഴിയാത്ത ഇടുങ്ങിയ ഭാഗത്തേക്കാണ് വാഹനങ്ങൾ പ്രവേശിക്കുന്നത്. ഇത് ഈ പ്രദേശത്തെ സ്ഥിര യാത്രക്കാരല്ലാത്തവർക്ക് അറിയണമെന്നില്ല. ഇടുങ്ങിയ വഴി പതിയെ താണ്ടുന്ന വാഹനങ്ങൾക്ക് പിറകിലേക്കാണ് വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ചു കയറുക. ഇത് ഇവിടെ സ്ഥിരം സംഭവമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്ഥലത്ത് മുന്നറിയിപ്പ് ബോഡുകൾ ഇല്ലാത്തതാണ് വിനയാകുന്നത്.
സമാന സാഹചര്യത്തിലാണ് ഇന്നലെ ടൂറിസ്റ്റ് ബസും അപകടത്തിൽപ്പെട്ടത്. വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് ഞായറാഴ്ച ഉച്ചയോടെ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ ആശുപത്രി പടിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മഴയായതിനാൽ വാഹനത്തിരക്ക് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. സാമാന്യം വേഗത്തിലെത്തിയ ബസ്, മുന്നിലുള്ള വണ്ടിയിൽ ഇടിച്ച്, ഡിവൈഡറിനോട് ചേര്‍ന്നുള്ള കുഴിയിൽ വീണ് മറിയുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ നിന്ന് വീതി കുറഞ്ഞ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.