
മലപ്പുറം: മലപ്പുറത്തെ ചങ്ങരംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽനിന്ന് ആറുവയസ്സുകാരനെ രക്ഷപ്പെടുത്താനായതിൻ്റെ ആശ്വാസത്തിലാണ് ആലങ്കോട് സ്വദേശിയായ അജ്മൽ. കുഞ്ഞനുജനെ തെരുവുനായ ആക്രമിക്കുന്നത് കണ്ട അജ്മൽ വീടിൻ്റെ ഒന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയാണ് നായയെ ഓടിച്ചത്. അമ്മാവൻ്റെ മകൻ അലനാണ് അജ്മൽ രക്ഷകനായത്. അലനെ തെരുവുനായ ആക്രമിക്കുന്നതും വീടിൻ്റെ മുകളിൽനിന്ന് ചാടിയ അജ്മൽ തെരുവുനായയെ ഓടിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുറ്റത്ത് കളിക്കുന്നതിനിടെയാണ് അലന് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഓടിയെത്തിയ നായ കുട്ടിയെ കടിച്ചുവീഴ്ത്താൻ ശ്രമിക്കുന്നതിനിടെ ആണ് വീടിൻ്റെ മുകൾനിലയിൽ ഉണ്ടായിരുന്ന അജ്മൽ താഴേക്ക് ചാടി രക്ഷകനായത്. നായയെ വടിയെടുത്ത് അടിച്ചോടിക്കുന്നതിനിടെ അജ്മലിനും കടിയേറ്റു. അജ്മൽ നായയെ അടിച്ചുവീഴ്ത്തിയ ശേഷം നാട്ടുകാരെത്തി നായയെ തല്ലിക്കൊന്നു.
ചെക്കൻ്റെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ നായ ആക്രമിക്കുന്നതാണ് കണ്ടതെന്നും പെട്ടെന്ന് ചാടി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അജ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേറെ ഒന്നും ചിന്തിച്ചില്ല. തനിക്കും കടിയേറ്റു. ഉസ്താദ് അടക്കം മറ്റുള്ളവർക്കും കടിയേറ്റു. സ്ഥലത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്നും അജ്മൽ വ്യക്തമാക്കി. വീടിൻ്റെ മുകളിൽനിന്ന് ചാടിയതിനിടെ അജ്മലിൻ്റെ ശരീരത്തിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.
അജൂക്കാ മുകളിൽനിന്ന് ഒറ്റച്ചാട്ടം ചാടിയെന്നും അജൂക്കാനേം നായ കടിച്ചുവെന്നും ആറുവയസ്സുകാരൻ അലൻ പറഞ്ഞു. അജ്മൽ ഉണ്ടായതുകൊണ്ട് രക്ഷപ്പെട്ടുവെന്നും അല്ലെങ്കിൽ താനും കുട്ടികളും മാത്രമേ ഉണ്ടാകാറുള്ളൂ എന്നും അലൻ്റെ മാതാവ് പറഞ്ഞു. നായയുടെ കടിയേറ്റ അലനും അജ്മലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam